
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ സഹപാഠിയായിരുന്ന അസ്ഗർ അലി വോറയുടെ ഭൂമി വ്യാജരേഖകളിലൂടെ കൈവശപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് മാസത്തിന് ശേഷം അന്വേഷണത്തിന് ഉത്തരവ്. മുംബൈയ്ക്ക് സമീപം മീരാ ഭയന്ദറിലെ ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനി കൈവശപ്പെടുത്തിയ ഭൂമി മോദിയുടെ ഇടപെടലിനെ തുടർന്ന് വിട്ടുനൽകിയിരുന്നു. എന്നാൽ ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖകൾ നിർമിച്ചതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാൻ വൈകുകയായിരുന്നു.
താനെ റൂറൽ സ്റ്റാംപ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ ജോയിന്റ് ജില്ലാ രജിസ്ട്രാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖകൾ നിർമിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
37 വർഷം മുൻപ് 2,810 ചതുരശ്ര മീറ്റർ ഭൂമി വിലകൊടുത്തു വാങ്ങിയതാണ് അസ്ഗർ അലി വോറ. എന്നാൽ 2011ൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തി. വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ച് വോറ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 15 വർഷത്തോളം വിവിധ സർക്കാർ ഓഫീസുകളിൽ പരാതി നൽകിയിട്ടും പരിഹാരമാകാതെ വന്നതോടെ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുകയും നേരിട്ട് കാണാൻ അനുമതി തേടുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഔദ്യോഗിക സന്ദർശനത്തിനായി മുംബൈയിലെത്തിയ മോദിയെ വോറ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചു. ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എൻ. സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. ഭൂമി തട്ടിയെടുത്ത സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു വോറയുടെ ആവശ്യം. എന്നാൽ വിഷയത്തിൽ ഇടപെടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് മോദി ചെയ്തത്.
പ്രധാനമന്ത്രിയെ നേരിൽക്കണ്ട് പരാതി ഉന്നയിച്ചതിന് പിന്നാലെ ഭൂമി കൈവശം വച്ചിരുന്ന കമ്പനി അത് വിട്ടുനൽകാൻ സമ്മതിച്ചു. മീരാ ഭയന്ദറിലെ ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഭൂമി കൈവശപ്പെടുത്തിയിരുന്നത്. വോറയ്ക്കെതിരെ നൽകിയ പരാതികളും കമ്പനി പിൻവലിച്ചു. എന്നാൽ ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിക്കാൻ രണ്ട് മാസം വേണ്ടിവന്നു.










