
ഇന്നു പുലർച്ചെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതിന് പിന്നാലെ ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി അവതരിപ്പിച്ച പുതിയ സൂത്രവാക്യമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. അമേരിക്കയുടെ മാഗയും ഇന്ത്യയുടെ മിഗയും ചേർന്ന് സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങളുടെ ഷോർട്ട്ഫോം ചേർത്താണ് മോദി അമേരിക്കയുമായുള്ള ബന്ധത്തിന് പുതിയ നിർവചനം സൃഷ്ടിച്ചത്.
‘‘ട്രംപിന്റെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ– അമേരിക്കയെ വീണ്ടും മഹത്തരമാക്കുക) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങൾക്ക് നന്നായി അറിയാം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഇന്ത്യയിലെ ജനങ്ങളും പൈതൃകത്തിലും വികസനത്തിലും ശ്രദ്ധിക്കുന്നു. അമേരിക്കയുടെ ഭാഷയിൽ പറഞ്ഞാൽ, ഇതു മിഗ (മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ – ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക) എന്നാണ്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’– മോദി പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും പ്രഖ്യാപിച്ചു. വികസനം, ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളിൽ സംയുക്തമായി 2 രാജ്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.











