03:32pm 31 January 2026
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; പ്രഖ്യാപന പെരുമഴയുണ്ടാകുമോ?
23/01/2026  06:36 AM IST
nila
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; പ്രഖ്യാപന പെരുമഴയുണ്ടാകുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ന​ഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം ആദ്യമായാണ് മോദി തിരുവനന്തപുരത്തെത്തുന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നഗരത്തിലൂടെ റോഡ് ഷോ നടത്തും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ പുതിയ ട്രെയിൻ സർവീസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും. ഗുരുവായൂർ–തൃശൂർ പാസഞ്ചർ ട്രെയിനും ഇതിലുണ്ട്.

അതോടൊപ്പം, ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ലൈഫ് സയൻസസ്, ഡീപ് ടെക്, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യ എന്നിവയെ കേന്ദ്രമാക്കി രൂപകൽപന ചെയ്ത ഹബ്ബിനായി പാപ്പനംകോട് സിഎസ്‌ഐആറിൽ 10 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയിൽപാതയെക്കുറിച്ച് നിർണായക പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. 

സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിയെ പൂർണമായി തള്ളിയതിന് പിന്നാലെ, കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്കായി ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയതാണ് പ്രതീക്ഷകൾക്ക് ആക്കം നൽകുന്നത്. ഡിഎംആർസിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പഠനം പുരോഗമിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ, മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഉറപ്പാക്കുന്ന പാതയാണ് നിർദേശിക്കുന്നത്.

എന്നാൽ തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് ഇന്ന് അവതരിപ്പിക്കുമെന്ന പ്രതീക്ഷകൾ യാഥാർഥ്യമാകില്ലെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. പുത്തരിക്കണ്ടം മൈതാനത്തെ രണ്ടാമത്തെ പരിപാടി പാർട്ടി പ്രവർത്തകരെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്യുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നഗര വികസന രേഖ തയ്യാറാക്കുന്നതിന് മുൻപ് കൂടുതൽ പഠനവും സംസ്ഥാന സർക്കാരുമായും വിവിധ വകുപ്പുകളുമായും ചർച്ചകളും അനിവാര്യമാണെന്ന് മേയർ വ്യക്തമാക്കി. അടുത്ത മാസം വിവിധ വിഷയങ്ങളിൽ കോൺക്ലേവുകൾ സംഘടിപ്പിച്ച ശേഷമേ വികസന രേഖയുടെ വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ കഴിയൂ. ഇതിനിടെ കോർപറേഷൻ തലത്തിൽ വികസന സെമിനാറും സംഘടിപ്പിക്കാനാണ് ആലോചന.

തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

• രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ  ഡൊമസ്‌റ്റിക് എയർപോർട്ട് - ശംഖുമുഖം -ഒാൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വിജെറ്റി- മെയിൻഗേറ്റ്- സ്റ്റാച്യു-പുളിമൂട് - ആയൂർവേദ കോളേജ്- ഓവർബ്രിഡ്ജ്- മേലേപഴവങ്ങാടി-പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

• കൂടാതെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ  ശംഖുംമുഖം - ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ – പൊന്നറപ്പാലം -കല്ലുംമ്മൂട് -അനന്തപുരി ഹോസ്പിറ്റൽ -ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - പവർഹൌസ് ജംഗ്ക്ഷൻ വരെയുളള  റോഡിലും,  ചാക്ക-അനന്തപുരി ഹോസ്പിറ്റൽ  റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

• പ്രധാനമന്ത്രി പോകുന്ന സമയത്ത്  പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ചു വിടും.

• ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ - പൊന്നറ പാലം - കല്ലുുംമൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം-വെൺപാലവട്ടം വഴിയും പോകണം.

• കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം -കുമാരപുരം- പട്ടം -കവടിയാർ വഴി പോകണം.

• പി.എം.ജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് - പബ്ലിക് ലൈബ്രറി - പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട് -വിമൻസ് കോളേജ് - തൈക്കാട് വഴിയും പോകണം.

•  തമ്പാനൂർ ഭാഗത്ത് നിന്നും ഓവർബ്രിഡ്ജ് വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൽ ചൂരക്കാട്ട്പാളയം- കിള്ളിപാലം - അട്ടക്കുളങ്ങര വഴി പോകണം.

•  അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകണം. 

• കിഴക്കേകോട്ട ഭാഗത്തുനിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ അട്ടകുളങ്ങര ഭാഗത്ത് നിന്നാണ് സർവ്വീസ് നടത്തുന്നത്.

• പുത്തരികണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തിച്ചേരുന്ന പ്രവർത്തകരെ കിള്ളിപാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് എന്നീ ഭാഗങ്ങളിൽ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളജ് പാർക്കിംഗ് ഗ്രൗണ്ട്, ചാല സ്കൂൾ  ഗ്രൌണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങൾ  ഫോർട്ട് സ്കൂൾ ഗ്രൌണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾഗ്രൗണ്ട്, വെള്ളയമ്പലം വാട്ടർ അതോറിറ്റി ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ എന്നിവിടങ്ങളിലും പാർക്ക്ചെയ്യണം.

•  വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ  വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്,  പൊന്നറ പാലം,  വലിയതുറ വഴിയും ഇന്റർനാഷണൽ  ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ  വെൺപാലവട്ടം  ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി  സർവീസ് റോഡ് വഴിയും പോകണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img