
അബുദാബി:ആഗോളതലത്തിൽ ആശങ്ക പടർത്തുന്ന പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി സമാധാന താല്പര്യം അറിയിച്ചത്. അബുദാബിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
സന്ദർശനത്തിനിടയിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ സുപ്രധാനമായ മൂന്ന് കരാറുകളിൽ ഒപ്പുവെച്ചു. സ്ട്രാറ്റജിക് പ്രതിരോധ സഹകരണം, പെട്രോളിയം ശേഖരണം, എൽ.പി.ജി (LPG) വിതരണം എന്നിവയിലാണ് പുതിയ കരാറുകൾ. ഒപെക് (OPEC) കൂട്ടായ്മയിൽ നിന്ന് യു.എ.ഇ പുറത്തുവന്നതിന് ശേഷമുള്ള ഈ സഹകരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമാകും.യു.എ.ഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് കാണിച്ച ധീരതയെയും നേതൃപാടവത്തെയും അദ്ദേഹം അഭിനന്ദിച്ചു.അബുദാബി വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്റ് നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വ്യോമാതിർത്തിയിൽ വെച്ച് യു.എ.ഇയുടെ എഫ്-16 വിമാനങ്ങൾ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചു.യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിനും സംരക്ഷണത്തിനും പ്രധാനമന്ത്രി പ്രസിഡന്റിനോട് നന്ദി അറിയിച്ചു.നാല് മണിക്കൂർ നീണ്ട യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി തന്റെ അഞ്ച് രാജ്യങ്ങളിലെ പര്യടനത്തിന്റെ അടുത്ത ഘട്ടത്തിനായി യൂറോപ്പിലേക്ക് തിരിച്ചു. നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ജനുവരിയിൽ യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പശ്ചാത്തലത്തിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം ക്രൂഡ് ഓയിൽ വില വർദ്ധനവിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും കാരണമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










