
ന്യൂഡൽഹി: ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോയിൽ, സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ 'ഗെറ്റ് റെഡി വിത്ത് മി' (ജിആർഡബ്ല്യുഎം) കൈത്തറി വസ്ത്രങ്ങളുമായി ആഘോഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായതിനാൽ, കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ജിആർഡബ്ല്യുഎം വീഡിയോകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്ന് മോദി യുവാക്കളോട് അഭ്യർഥിച്ചു. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ദേശീയ കൈത്തറി ദിനവും ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൈത്തറി വസ്ത്രങ്ങൾ പ്രത്യേക ദിവസങ്ങളിൽ മാത്രം ഉപയോഗിക്കുന്നതല്ല, ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഓരോ കൈത്തറി ഉത്പന്നത്തിനും പിന്നിൽ ഒരു നെയ്ത്തുകാരന്റെ കഠിനാധ്വാനവും വൈദഗ്ധ്യവും സമർപ്പണവും ഒളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈത്തറി ഉത്പന്നങ്ങൾ വെറും ഫാഷൻ മാത്രമല്ലെന്നും, രാജ്യത്തെ നെയ്ത്ത് തൊഴിലാളികൾക്ക് പിന്തുണ നൽകാനും 'വോക്കൽ ഫോർ ലോക്കൽ' ആശയം ശക്തിപ്പെടുത്താനുമുള്ള മാർഗമാണിതെന്നും മോദി വീഡിയോയിലൂടെ വ്യക്തമാക്കി.










