ഇറാൻ ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നരേന്ദ്രമോദിയുടെ ഒരു ഫോൺ സംഭാഷണത്തിലൂടെ കഴിയുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ

അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാൻ കഴിയുമെന്നും യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ പറഞ്ഞു. എൻ.ഡി.ടി.വിയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗൾഫ് രാജ്യങ്ങളിലെ നേതാക്കളിലും പൊതുസമൂഹത്തിലും മോദിക്ക് വലിയ സ്വാധീനവും വിശ്വാസ്യതയും ഉണ്ടെന്ന് മിർസ വ്യക്തമാക്കി. ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായുള്ള മോദിയുടെ അടുത്ത ബന്ധം സമാധാന ശ്രമങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘർഷത്തിൽ ഏതെങ്കിലും പക്ഷത്തോട് ചേരാൻ യു.എ.ഇ താൽപര്യമില്ലെന്നും, സ്വന്തം മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ താവളമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഖമനേയി ചുമതലയേറ്റതോടെ മേഖലയിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസം മധ്യ ഇറാനിലും ബെയ്റൂട്ട് നഗരത്തിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ നൽകിയ കണക്കുകൾ പ്രകാരം ഇതുവരെ 1,332 സാധാരണ പൗരന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.











