
തനിക്കും തെറ്റുകൾ സംഭവിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ദൈവമല്ല മനുഷ്യനാണെന്നും അദ്ദേഹം സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിൽ പറഞ്ഞു. ഇതിന്റെ ട്രെയിലർ നിഖിൽ കാമത്ത് പുറത്തുവിട്ടു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് നിഖിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
നല്ല ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് മോദി വീഡിയോയിൽ പറയുന്നു. ഇത്തരക്കാർ ദൗത്യവുമായാണ് എത്തുന്നത്, അതിമോഹത്തോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായപ്പോൾ താൻ ഒരു പ്രസംഗം നടത്തിയെന്നും മോദി പറയുന്നു. അതിൽ അദ്ദേഹം പറഞ്ഞു, 'തെറ്റുകൾ സംഭവിക്കുന്നു. എനിക്കും സംഭവിക്കുന്നു. ഞാനും ഒരു മനുഷ്യനാണ്, ഞാനൊരു ദൈവമല്ല'.
ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ ആശങ്കപ്പെടേണ്ടതുണ്ടോയെന്ന ചോദ്യത്തോടും മോദി പ്രതികരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾ നിഷ്പക്ഷരല്ലെന്ന് തുടർച്ചയായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.'പക്ഷേ സമാധാനത്തിൻ്റെ പക്ഷക്കാരനാണെന്ന് ഞാൻ നിരന്തരം പറയുന്നുണ്ട്', അദ്ദേഹം പറഞ്ഞു,
ദക്ഷിണേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്നവരോട് രാഷ്ട്രീയം വൃത്തികെട്ട സ്ഥലമാണെന്ന് കുട്ടിക്കാലം മുതൽ പറഞ്ഞിരുന്നുവെന്ന് നിഖിൽ കാമത്ത് പരാമർശിച്ചു. ഈ കാര്യം നമ്മുടെ സമൂഹത്തിൽ വളരെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു, അത് മാറ്റാൻ വളരെ പ്രയാസമാണ്. 'നിങ്ങൾ പറയുന്നത് നടന്നിരുന്നുവെങ്കിൽ , നിങ്ങൾ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല', ഇതേക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.











