
ന്യൂഡൽഹി: നെഹ്‌റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗത്തെ സംബന്ധിച്ച് ഇത്തവണത്തെ ബജറ്റ് ചരിത്രമാണെന്നും മോദി പറഞ്ഞു. ഡൽഹി ആർ.കെ.പുരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിനെ മോദി പുകഴ്ത്തിയത്.
നെഹ്‌റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോൾ ഇന്ദിരഗാന്ധിയുടെ സർക്കാരായിരുന്നെങ്കിൽ നിങ്ങളുടെ 12 ലക്ഷത്തിൽ 10 ലക്ഷവും നികുതിയായി സർക്കാരിന് നൽകേണ്ടിവരുമായിരുന്നു. 10-12 വർഷം മുൻപുവരെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നിങ്ങൾ 12 ലക്ഷം സമ്പാദിച്ചാൽ 2.60 ലക്ഷം രൂപ നികുതിയായി നൽകണമായിരുന്നു. പക്ഷേ, ബി.ജെ.പി. സർക്കാരിന്റെ ഇന്നലത്തെ ബജറ്റിന് ശേഷം വർഷത്തിൽ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നൽകേണ്ടതില്ല- മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തിൽ മധ്യവർഗത്തിന് വലിയ പങ്കുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. മധ്യവർഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകർക്ക് പാരിതോഷികം നൽകുന്നതും ബി.ജെ.പി. മാത്രമാണ്. കഴിഞ്ഞദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവർഗക്കാർക്കുള്ള സൗഹാർദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവൻ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.











