
ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബിൽ പാസാക്കാനുള്ള ശ്രമം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സ്ത്രീകൾ എംപിമാർക്ക് കത്തെഴുതി ബില്ലിന് പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുന്നോട്ട് വന്നത്. വനിത സംവരണം നടപ്പാക്കാൻ ഇനിയും വൈകുന്നത് അനീതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും വനിത സംവരണം നടപ്പാക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാകുമെന്ന് അദ്ദേഹം കത്തിൽ പരാമർശിച്ചു. ബിൽ പാസാക്കാൻ സ്ത്രീകളുടെ പിന്തുണയും സമ്മർദ്ദവും നിർണായകമാണെന്ന സൂചനയും അദ്ദേഹം നൽകി. കഴിഞ്ഞ ദിവസം “നാരി ശക്തി വന്ദൻ സമ്മേളനം” എന്ന പരിപാടിയിൽ സംസാരിച്ചപ്പോഴും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മോദി വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വനിത സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്ന രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം. മണ്ഡല പുനർനിർണ്ണയമാണ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യമെന്നും അവർ പറഞ്ഞു. ഇടതുപക്ഷവും ഇതേ ആശങ്ക പങ്കുവച്ചു.
സമാജ് വാദി പാർട്ടി, ആർജെഡി തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർക്കാൻ സാധ്യതയുണ്ട്. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, തന്റെ പാർട്ടിയാണ് സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയതെന്ന് അവകാശപ്പെട്ടു. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ലോക്സഭ സ്പീക്കറുമായ മീരാ കുമാർ, മോദി പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. വനിത സംവരണത്തെ പിന്തുണയ്ക്കുന്ന വ്യക്തി എന്ന നിലയിലാണ് പങ്കെടുത്തതെന്ന് അവർ വിശദീകരിച്ചു.
നാളെ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ യോഗം പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം തീരുമാനിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനിടയാക്കുന്ന ബില്ലുകൾ സമ്മേളനത്തിന് രണ്ടു ദിവസം ബാക്കി നിൽക്കുമ്പോഴും എം പിമാർക്ക് വിതരണം ചെയ്തിട്ടില്ല എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്.











