01:45am 10 May 2026
NEWS
ബം​ഗാളിലെ വിജയത്തിന് മോദി നന്ദി അറിയിച്ചത് പൊതുജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച്
09/05/2026  03:22 PM IST
nila
ബം​ഗാളിലെ വിജയത്തിന് മോദി നന്ദി അറിയിച്ചത് പൊതുജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ച്

പശ്ചിമ ബംഗാളിൽ ചരിത്രവിജയം സ്വന്തമാക്കി ആദ്യമായി ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ, സംസ്ഥാന ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. പൊതുജനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചാണ് മോദി ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചത്. 

പശ്ചിമ ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, വേദിയിലെത്തിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു. അതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുട്ടുകുത്തി ജനങ്ങൾക്കു മുന്നിൽ നമസ്കരിച്ചതാണ് ചടങ്ങിലെ ശ്രദ്ധേയ നിമിഷമായി മാറിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന ഈ അധികാരമാറ്റം, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി, തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബംഗാളിൽ പ്രചാരണം നടത്തിയിരുന്നു. നിരവധി റോഡ് ഷോകളിലൂടെയും റാലികളിലൂടെയും ബിജെപി വിജയം ഉറപ്പാക്കാൻ അമിത് ഷായും കഠിനമായി പരിശ്രമിച്ചു.

ചടങ്ങിൽ ഗവർണർ ആർ.എൻ. രവി, സുവേന്ദു അധികാരിക്കും മറ്റുള്ളവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരിയുടെ ആദ്യ ടീമിൽ വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ദിലീപ് ഘോഷ് (OBC), അഗ്നിമിത്ര പോൾ (കായസ്ഥ), അശോക് കിർത്താനിയ (മതുവ), ഖുദിറാം ടുഡു (ഗോത്രവർഗ്ഗം), നിഷിത് പ്രമാണിക് (രാജ്ബൻഷി) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാക്കളാണ് ഇവർ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img