02:32pm 19 June 2026
NEWS
വഖഫ് ഭേദ​ഗതി നിയമം ഭൂമി കൊള്ള അവസാനിപ്പിക്കുമെന്ന് മോദി
14/04/2025  01:13 PM IST
nila
വഖഫ് ഭേദ​ഗതി നിയമം ഭൂമി കൊള്ള അവസാനിപ്പിക്കുമെന്ന് മോദി

കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കോൺ​ഗ്രസ്  രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ഭേദഗതി നിയമത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. വഖഫിലെ ഭേദ​ഗതി നിയമം ഭൂമി കൊള്ള അവസാനിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരിയാണയിലെ ഹിസാറിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി ഉണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഭൂമികളും സ്വത്തുക്കളും പാവപ്പെട്ടവരെയും ആവശ്യക്കാരെയും സഹായിക്കാൻ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി.  വഖഫ് നിയമത്തിൽ പുതിയ മാറ്റമുണ്ടായതോടെ ഭൂമി കൊള്ളയും അവസാനിക്കും. ദരിദ്രരെ കൊള്ളയടിക്കുന്നതും അവസാനിക്കുമെന്നും മോ​ദി പറഞ്ഞു.

'വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യങ്ങൾ ആവശ്യക്കാർക്ക് നൽകിയിരുന്നെങ്കിൽ, അത് അവർക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാൽ, ഈ സ്വത്തുക്കളിൽ നിന്ന് പ്രയോജനം കിട്ടിയത് ഭൂമാഫിയയ്ക്കാണ്. പുതിയ വഖഫ് നിയമപ്രകാരം, ഒരു ആദിവാസിയുടെയും ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലിങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺഗ്രസ് എല്ലായ്‌പ്പോഴും മതമൗലിക വാദികളെ പ്രീണിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മോദി കുറ്റപ്പെടുത്തി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വഖഫ് ഭേദഗതി നിയമത്തിലെ അവരുടെ നിലപാടെന്നും മോദി ആരോപിച്ചു. 'ബാബാസാഹിബിനോട് കോൺഗ്രസ് ചെയ്തത് നമ്മൾ മറക്കരുത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചു. കോൺഗ്രസ് അദ്ദേഹത്തിന്റെ ഓർമ്മകൾ ഇല്ലാതാക്കാൻ പോലും ശ്രമിച്ചു. ബാബാസാഹിബിന്റെ ആശയങ്ങൾ എന്നെന്നേക്കുമായി നശിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചു. ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, പക്ഷേ കോൺഗ്രസ് ഭരണഘടനയെ തകർക്കുകയാണ് ചെയ്തത്. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പ്രചരിപ്പിച്ചു' മോദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img