
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ റോം സന്ദർശനം. വിമാനത്താവളത്തിൽ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി പദവിയിൽ മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതും 2025 മുതൽ 2029 വരെയുള്ള തന്ത്രപരമായ സഹകരണ പദ്ധതികളും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും. പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ശുദ്ധ സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്താനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.
ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു.എൻ ഭക്ഷ്യ-കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും. വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് പ്രമുഖരുമായും അദ്ദേഹം സംവദിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഒരു പുതിയ 'ഇന്തോ-മെഡിറ്ററേനിയൻ' തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളരുകയാണെന്ന് പ്രധാനമന്ത്രി മോദിയും ജോർജിയ മെലോനിയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.










