
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനമാണ് മോദി ഉയർത്തിയത്. രാജ്യത്തെ സ്ത്രീകളുടെ പുരോഗതി തടയാൻ ചില രാഷ്ട്രീയ കക്ഷികൾ ചേർന്ന് പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി എന്നീ പാർട്ടികളുടെ സ്വാർത്ഥ നിലപാടാണ് ബിൽ പരാജയപ്പെടാൻ കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്നും മോദി പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കൊണ്ടുവന്ന നിയമം പാസാകാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പ് പറയുന്നതായും മോദി വ്യക്തമാക്കി. ബിൽ പരാജയപ്പെട്ടപ്പോൾ ചില പാർട്ടികൾ കൈയ്യടിച്ചതിനെ അദ്ദേഹം ശക്തമായി വിമർശിക്കുകയും, അത് സ്ത്രീകളുടെ ആത്മാഭിമാനത്തെ വേദനിപ്പിച്ചതായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇന്നത്തെ സ്ത്രീകൾ ബോധവതികളാണ്, ആരൊക്കെയാണ് അവരുടെ മുന്നേറ്റം തടഞ്ഞതെന്ന് അവർ മനസ്സിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത സംവരണം തടഞ്ഞ പാർട്ടികൾക്ക് ഭാവിയിൽ ജനവിധിയിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്ത്രീകൾക്ക് അധികാരം പങ്കുവെക്കാനുള്ള ശ്രമമായിരുന്നു “നാരീശക്തി വന്ദൻ” നിയമമെന്നും, ഇത് ആരുടേയെങ്കിലും അവകാശം കുറയ്ക്കാനുള്ളതല്ലെന്നും മോദി വ്യക്തമാക്കി. 2029 മുതൽ നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിയിരുന്നുവെന്നും, ജനസംഖ്യയുടെ പകുതിയുടെയും അവകാശങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബിൽ പാസാകാതിരിക്കാൻ ഗൂഢാലോചന നടത്തിയതായി ആരോപിച്ച മോദി, സ്ത്രീകളുടെ അവസരങ്ങളെ നിഷേധിച്ചതിൽ അവർ ഉത്തരവാദികളാണെന്നും പറഞ്ഞു. സ്ത്രീകളുടെ പുരോഗതിക്കായി ലഭിച്ച അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തിയതായും അദ്ദേഹം വിമർശിച്ചു.










