09:59pm 12 May 2026
NEWS
ബജാജ് ഗ്രൂപ്പിന് 100-ാം വാർഷികം രാഷ്ട്ര നിർമ്മാണത്തിന്റെ ഒരു നൂറ്റാണ്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി
12/05/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബജാജ് ഗ്രൂപ്പിന്   100-ാം  വാർഷികം രാഷ്ട്ര നിർമ്മാണത്തിന്റെ ഒരു നൂറ്റാണ്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി
HIGHLIGHTS

• US$ 148 ബില്യൺ മാർക്കറ്റ് ക്യാപ്പുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ബജാജ് ഗ്രൂപ്പ്, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, കൺസ്യൂമർ ഇലക്ട്രിക്കൽസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലായി 3 ഇന്ത്യൻ കുടുംബങ്ങളിൽ 1 കുടുംബത്തിന് സേവനം നൽകുന്നു.
• ഒരു നൂറ്റാണ്ടിന്റെ വിശ്വാസം: ബജാജ് ഗ്രൂപ്പിന്റെ തുടക്കം അതിന്റെ സ്ഥാപകനായ ജംനാലാൽ ബജാജിൽ നിന്നാണ്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹിയും വ്യവസായിയും മഹാത്മാ ഗാന്ധിയുടെ അഞ്ചാമത്തെ ദത്തുപുത്രനുമായി അറിയപ്പെടുന്ന അദ്ദേഹം 1926 ൽ മുംബൈയിൽ ഗ്രൂപ്പിന്റെ ആദ്യ ഓഫീസ് സ്ഥാപിച്ചു.

 
മുംബൈ : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫാമിലി ബിസിനസുകളിലൊന്നും US$ 148 ബില്യൺ മാർക്കറ്റ് ക്യാപ്പുള്ള വലിയ കമ്പനികളിലൊന്നുമായ ബജാജ് ഗ്രൂപ്പ്, ഇന്ന് ബിസിനസ്സിൽ 100 വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ആഗോള സാമ്പത്തിക വളർച്ചയിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തുന്ന ഈ നാഴികക്കല്ലിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹിയും വ്യവസായിയും മഹാത്മാ ഗാന്ധിയുടെ അഞ്ചാമത്തെ ദത്തുപുത്രനുമായി അറിയപ്പെടുന്ന ജംനാലാൽ ബജാജ് 1926 ൽ മുംബൈയിൽ സ്ഥാപിച്ച ബജാജ് ഗ്രൂപ്പ്, മൂന്ന് ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നിന് സേവനം നൽകുകയും 130,000 ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.100 ലധികം കമ്പനികൾ, 100 ലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, വരാനിരിക്കുന്ന ഹെൽത്ത് കെയർ രംഗത്തേക്കുള്ള പ്രവേശനം എന്നിവയിലൂടെ, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്ന് ബജാജ് ഗ്രൂപ്പ് പടുത്തുയർത്തിയിട്ടുണ്ട്. ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിംഗ്സ് & ഇൻവെസ്റ്റ്‌മെന്റ്, ബജാജ് ഫിനാൻസ്, ബജാജ് ഹൗസിംഗ് ഫിനാൻസ്, ബജാജ് ഇലക്ട്രിക്കൽസ്, മുകന്ദ് എന്നിവ ഇതിലെ ചില ലിസ്റ്റഡ് കമ്പനികളാണ്.രാഷ്ട്ര നിർമ്മാണത്തിന് ബജാജ് ഗ്രൂപ്പ് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് ബജാജ് കുടുംബത്തിന് നൽകിയ സന്ദേശത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, “ബജാജ് ഗ്രൂപ്പിന്റെ ശതാബ്ദി വേളയിൽ, ഈ നാഴികക്കല്ലുമായി ബന്ധപ്പെട്ട എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. ഏതൊരു സ്ഥാപനത്തിനും നൂറ് വർഷം എന്നത് വളരെ വലിയൊരു യാത്രയാണ്. ഇത് ഒരു നീണ്ട കാലയളവ് മാത്രമല്ല, മാറുന്ന കാലത്തിനനുസരിച്ച് മാറാനുള്ള കഴിവും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും തലമുറകളായി പ്രസക്തമായി തുടരാനുമുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.“ശ്രീ ജംനാലാൽ ബജാജിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബജാജ് ഗ്രൂപ്പ്, നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ പല ഘട്ടങ്ങളിലൂടെയും ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക രംഗത്തിന്റെ ഭാഗമാണ്. വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന ഒരു വൈവിധ്യവൽക്കരിക്കപ്പെട്ട കമ്പനിയായി ഇത് വളർന്നു, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.“കഴിഞ്ഞ പതിറ്റാണ്ടുകളിലായി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചും, പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിച്ചും, സാമൂഹിക വികസനത്തെ പിന്തുണച്ചും രാഷ്ട്ര നിർമ്മാണത്തിൽ ബജാജ് ഗ്രൂപ്പ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതുപോലുള്ള നാഴികക്കല്ലുകൾ പ്രധാന സംഭാവനകളെക്കുറിച്ച് ചിന്തിക്കാനും വളർച്ച, സുസ്ഥിരത, എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതി എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള ഒരു അവസരം കൂടിയാണ്.“മാനുഫാക്ചറിംഗ്, ഇന്നൊവേഷൻ, ആഗോള മത്സരക്ഷമത എന്നിവയിൽ പുതിയ ലക്ഷ്യങ്ങളോടെ ഇന്ത്യ മുന്നോട്ട് പോവുകയാണ്. 2047 ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര രൂപപ്പെടുത്തുന്നതിൽ ബജാജ് ഗ്രൂപ്പിനെപ്പോലുള്ള ആഴത്തിലുള്ള വേരുകളും അനുഭവപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്.
ഈ അവിസ്മരണീയ വേളയിൽ ബജാജ് ഗ്രൂപ്പിലെ എല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ. വരും വർഷങ്ങൾ രാജ്യത്തിന്റെ വികസനത്തിന് തുടർച്ചയായ പുരോഗതിയും അർത്ഥവത്തായ സംഭാവനകളും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”യുവാക്കളുടെ നൈപുണ്യ വികസനം, തൊഴിൽ, കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബജാജ് ഗ്രൂപ്പിന്റെ സാമൂഹിക ഇടപെടലുകൾ 10 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.മുംബൈയിലെ നാഷണൽ സ്പോർട്സ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ നടന്ന ശതാബ്ദി ആഘോഷത്തിൽ കുടുംബാംഗങ്ങൾ, വ്യവസായ പ്രമുഖർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, പാർട്ണർമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് മുതൽ, വ്യാപാരത്തിൽ നിന്ന് മാനുഫാക്ചറിംഗ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലേക്കുള്ള മാറ്റം, ഇന്ന് അവരുടെ ബിസിനസ്സുകൾ നയിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ വരെയുള്ള കുടുംബത്തിന്റെ യാത്രയെ ഈ സായാഹ്നം ഓർമ്മപ്പെടുത്തി.ബജാജ് കുടുംബത്തിന്റെ പ്രഭാഷണങ്ങൾ, ഗ്രാമി അവാർഡ് ജേതാവും ലോകപ്രശസ്ത സംഗീതസംവിധായകനുമായ റിക്കി കേജും സംഘവും അവതരിപ്പിച്ച പ്രത്യേക ലൈവ് പെർഫോമൻസ്, ജംനാലാൽ ബജാജിനെയും മഹാത്മാ ഗാന്ധിയെയും കുറിച്ച് രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത 'കഥ്‌നി കർണി എക്സി' എന്ന ചിത്രത്തിന്റെ പ്രദർശനം, '100 ഇയേഴ്സ് ഓഫ് ബജാജ്' ലോഗോ പ്രകാശനം എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു.ഈ അവസരത്തിൽ സംസാരിച്ചവർ:
ബജാജ് ഓട്ടോ ചെയർമാൻ നീരജ് ബജാജ്, 'ഇന്ത്യയും ബജാജും' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: “ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾക്കും പ്രോത്സാഹജനകമായ വാക്കുകൾക്കും ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾ നന്ദി പറയുന്നു. ബജാജിന്റെ കഥയും ഇന്ത്യയുടെ കഥയും ഒരിക്കലും വേറിട്ട് നിന്നിട്ടില്ല. സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ഈയിടെ തുടങ്ങിയതല്ല. ഭാരതം തനിക്കു വേണ്ടി തന്നെ നിർമ്മിക്കണമെന്നും ഉൽപ്പാദിപ്പിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും ദീർഘവീക്ഷണമുള്ള ഇന്ത്യക്കാർ വിശ്വസിച്ചപ്പോൾ — ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് അത് ആരംഭിച്ചു. ആ തുടക്കക്കാരിൽ ഒരാളായിരുന്നു ഞങ്ങളുടെ സ്ഥാപകൻ ജംനാലാൽജി. 'വ്യക്തിപരമായ നേട്ടത്തേക്കാൾ പൊതുനന്മ' എന്ന അദ്ദേഹത്തിന്റെ തത്ത്വചിന്തയാണ് തലമുറകളായി ഞങ്ങളുടെ തീരുമാനങ്ങളെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ ജാനകീദേവിജി ബജാജ്, പത്മവിഭൂഷൺ ലഭിച്ച ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹത്തിന്റെ മക്കളായ കമൽനയൻ ബജാജും രാമകൃഷ്ണ ബജാജും ജംനാലാൽജിയുടെ തത്ത്വചിന്ത വിജയകരമായി മുന്നോട്ട് കൊണ്ടുപോയി. അതിനുശേഷം, കോർപ്പറേറ്റ് നേതാക്കൾക്കിടയിലെ ഒരു വലിയ വ്യക്തിത്വമായ രാഹുൽ ബജാജ്, റിസൾട്ട് ലക്ഷ്യമാക്കിയുള്ളതും എന്നാൽ മനുഷ്യത്വമുള്ളതും, വലിയ സ്വപ്നങ്ങളുള്ളതും എന്നാൽ സത്യസന്ധവുമായ ഒരു സ്ഥാപനം കെട്ടിപ്പടുത്തു. വ്യവസായങ്ങൾ വളരുകയും കഴിവുകൾ വികസിക്കുകയും ചെയ്തപ്പോൾ ഒരു ചിന്ത മാത്രം മാറിയില്ല: ഇന്ത്യയിൽ നിർമ്മിക്കുക. ഇന്ത്യക്കായി നിർമ്മിക്കുക. ഇന്ത്യയെ നിർമ്മിക്കുക.”
ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ്, 'ഗ്ലോബലൈസേഷൻ' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: “നാം പറയുന്നതും ചെയ്യുന്നതും എപ്പോഴും ഒന്നായിരിക്കണം. അതുകൊണ്ടായിരിക്കാം ബജാജിന്റെ യാത്ര വെറുമൊരു വളർച്ചയുടെ കഥ മാത്രമായി മാറാതിരുന്നത്. അതൊരു വിശ്വാസത്തിന്റെ കഥയായി മാറി. ഇന്ന് ബജാജ് ഓട്ടോ ഇന്ത്യയിലെ ഏറ്റവും വലിയ ടൂ വീലർ കമ്പനികളിൽ ഒന്ന് മാത്രമല്ല. ലോകത്തിലെ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഒന്നാണിത്. ഞങ്ങളുടെ വാഹനങ്ങൾ ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ 100 ലധികം രാജ്യങ്ങളിൽ വിൽക്കപ്പെടുന്നു. പൾസർ ബ്രാൻഡ് ഇന്ന് ആഗോള കമ്പനികൾക്ക് പിന്നിലല്ല, അവർക്കൊപ്പമാണ് നിൽക്കുന്നത്. പ്രശസ്ത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ കമ്പനിയായ KTM-മായി ഞങ്ങൾ പങ്കാളികളായപ്പോൾ — അതൊരു ബിസിനസ്സ് ഇടപാട് മാത്രമായിരുന്നില്ല. ഒരു ഇന്ത്യൻ കമ്പനി വെറുമൊരു പിൻഗാമി മാത്രമല്ല, ആഗോള ബ്രാൻഡുകളുടെ സഹ-സ്രഷ്ടാവ് കൂടിയാണെന്ന് ഇത് കാണിക്കുന്നു. പാരമ്പര്യത്തിനും പുതിയ ആശയങ്ങൾക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും ഇത് തെളിയിക്കുന്നു. ഇന്നത്തെ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കെടുക്കുക മാത്രമല്ല, മത്സരിക്കുകയും ചെയ്യുന്നു.”ബജാജ് ഇന്റഗ്രേറ്റഡ് ഹെൽത്ത് സിസ്റ്റം CEO നീരവ് ബജാജ്, 'ഉൾക്കൊള്ളുന്ന വികസനം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: “ബിസിനസ്സ് സമൂഹത്തിൽ നിന്ന് വേറിട്ടതല്ലെന്ന് ജംനാലാൽജി വിശ്വസിച്ചു. പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാകണം ബിസിനസ്സ് നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലാഭത്തിൽ നിന്ന് സമൂഹം തന്നെ ലാഭമുണ്ടാക്കണമെന്ന് ഞങ്ങൾ കുടുംബത്തിൽ പലപ്പോഴും പറയാറുണ്ട്. ഏറ്റവും ദരിദ്രരായ ആളുകളിലേക്കു പോലും വളർച്ച എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നാണ് ഇതിനർത്ഥം. ഞങ്ങളുടെ CSR സംരംഭമായ ബജാജ് ബിയോണ്ട്, 100 വർഷത്തെ തത്ത്വചിന്തയുടെ അടുത്ത ഘട്ടമാണ്. ഞങ്ങൾ പഠിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാൻ കഴിയുന്ന മോഡലുകൾ നിർമ്മിക്കാനുള്ള ഒരു ശ്രമം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 കോടിയിലധികം വരുന്ന യുവ ഇന്ത്യക്കാരെ പ്രാപ്തരാക്കാനും സ്വാധീനിക്കാനുമുള്ള വ്യക്തമായ ലക്ഷ്യത്തോടെ, വിദ്യാഭ്യാസം, ഉപജീവനം, സുസ്ഥിരത എന്നിവയിൽ പ്രവർത്തിക്കുന്നു. കാരണം, ആദ്യത്തെ 100 വർഷം സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചായിരുന്നെങ്കിൽ, അടുത്ത 100 വർഷം ഇക്കോസിസ്റ്റംസ് നിർമ്മിക്കുന്നതിനെക്കുറിച്ചായിരിക്കും.”ബജാജ് ഫിൻസെർവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ്, 'ഇന്ത്യയും അടുത്ത 100 ഉം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: “എന്റെ പിതാവ് രാഹുൽ ബജാജ് പലപ്പോഴും പറയുമായിരുന്നു - 'ഇന്ത്യ എന്ന ആശയം', നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം, കഴിവുള്ള യുവാക്കൾ എന്നിവയിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യയുടെ വളർച്ചയുടെ അടുത്ത അധ്യായം സാങ്കേതികവിദ്യയും പുതിയ ആശയങ്ങളും അതിലുപരിയായി യുവാക്കളും എഴുതും. ബജാജിൽ, ഞങ്ങൾ AI-യെ ഒരു സാങ്കേതിക പ്രവണതയായി മാത്രമല്ല കാണുന്നത്. സാമ്പത്തിക സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ശക്തമായ ഒരു മാർഗ്ഗമായിട്ടാണ് ഞങ്ങൾ അതിനെ കാണുന്നത്. കാരണം സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം യഥാർത്ഥത്തിൽ അവസരങ്ങളിലേക്കുള്ള പ്രവേശനം കൂടിയാണ്. ഒരു നൂറ്റാണ്ടിലേറെയായി, ഞങ്ങൾ ഞങ്ങളുടെ ബിസിനസ്സുകളെ ഇതേ കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നത്: പ്രതീക്ഷയും സ്വാതന്ത്ര്യവും സംരംഭകത്വവും വാഗ്ദാനം ചെയ്യുന്നതിനായി നിർമ്മിച്ച പ്ലാറ്റ്‌ഫോമുകളായി. കഴിവുകൾക്ക് ഒരു വേദി ലഭിക്കുമ്പോൾ, രാജ്യം മുഴുവൻ മുന്നോട്ട് പോകുമെന്ന് ഞങ്ങൾ വിശ്വസരിക്കുന്നു.”ബജാജ് ഇലക്ട്രിക്കൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശേഖർ ബജാജ്, ജംനാലാൽ ബജാജിന്റെ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സൃഷ്ടിച്ച സാമൂഹിക സ്വാധീനത്തെക്കുറിച്ചും നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു: “ജംനാലാൽജിയുടെ പ്രവർത്തനങ്ങൾ സാമൂഹിക സമത്വം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിദ്യാഭ്യാസം, ഗ്രാമീണ ഉന്നമനം, ഖാദി പ്രോത്സാഹിപ്പിക്കൽ, പർദ്ദ, സ്ത്രീധനം, ശൈശവ വിവാഹം എന്നിവ ഇല്ലാതാക്കൽ, സ്വാതന്ത്ര്യ സമരത്തിലെ പൂർണ്ണ പങ്കാളിത്തം എന്നിവ ഉൾപ്പെടുന്നതായിരുന്നു. വിജയം അക്കങ്ങളിലും അളവുകളിലും മാത്രം അളക്കേണ്ടതുണ്ടോ? അതോ മാറ്റിമറിച്ച ജീവിതങ്ങൾ, ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, കരുത്തുറ്റ സമൂഹങ്ങൾ എന്നിവയിലാണോ. ബജാജിന്റെ അടുത്ത 100 വർഷത്തിലേക്ക് നമ്മൾ കടക്കുമ്പോൾ, ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും നമ്മൾ തുടർന്നും നിർമ്മിക്കുന്ന സ്ഥാപനത്തെ നിർവ്വചിക്കുന്നത്.”

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img