
പിഎം ഇ-ഡ്രൈവ് പദ്ധതിപ്രകാരം 10,900 ഇ-ബസ്സുകൾ കൂടി വാങ്ങാൻ കേന്ദ്ര ഊർജ്ജവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സി ഇ എസ് എൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട മെഗാ ടെണ്ടർ നവംബർ ആറിന് തുറക്കും. 10,900 ഇ-ബസ്സുകൾ വാങ്ങുന്നതിൽ ഏറ്റവും കൂടുതൽ-4500- ലഭിക്കുക ബംഗളുരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന് (ബി എം ടി സി) ആണ്. നിലവിൽ 1799 ഇ- ബസ്സുകൾ ഉൾപ്പെടെ ബി എം ടി സി 7067 ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. രണ്ടുവർഷത്തിനുള്ളിൽ ഏതാനും ബാച്ചുകളിലായി 4500 ഇ-ബസ്സുകൾ കൂടി എത്തുന്നതോടെ മൊത്തം ബസ്സുകളുടെ എണ്ണം പതിനൊന്നായിരം കവിയും. പുതിയ ഇ- ബസ്സുകളെത്തുമ്പോൾ പഴക്കം ചെന്ന ഏതാനും സാധാരണ ബസ്സുകൾ സർവ്വീസ് അവസാനിപ്പിക്കും. ഇ -ബസ്സുകളുടെ എണ്ണത്തിൽ കുതിച്ചുകയറ്റമുണ്ടാകും. ബംഗളുരു(4500),ഡൽഹി (2800), ഹൈദരാബാദ് (2000),അഹമ്മദാബാദ് (1000), സൂറത്ത് (600) എന്നിങ്ങനെയാണ് പി എം ഇ -ഡ്രൈവ് പദ്ധതി പ്രകാരം ഇ-ബസ്സുകൾ വിതരണം ചെയ്യുന്നത്. പി എം ഇ-ബസ് സേവ പേയ്മെന്റ് സെക്യൂരിറ്റി മെക്കാനിസം (PSM) എന്ന സംവിധാനം വഴി സുരക്ഷിതമായ പണമിടപാട് ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടു കോടി രൂപ വിലയുള്ള 10- 12 മീറ്റർ വലുപ്പമുള്ള ഇ- ബസ്സിന് പി എം ഇ- ഡ്രൈവ് സ്കീം പ്രകാരം 35 ലക്ഷം രൂപ സബ്സിഡി ലഭിക്കും. 2022 മുതൽ ഇതുവരെയായി വ്യത്യസ്ത പദ്ധതികളിലൂടെ സി ഇ എസ് എൽ 7838 ഇ-ബസ്സുകൾ വിവിധ നഗരങ്ങളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.











