
ഡെറാഡൂൺ: നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന 23-കാരി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. കാർഗിൽ യുദ്ധത്തിൽ സേവനമനുഷ്ഠിച്ച മുൻ സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയെയാണ് മരിച്ചത്. യുവതിയെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് മാതാപിതാക്കളോട് ക്ഷമാപണം നടത്തുന്ന കുറിപ്പും പൊലീസ് കണ്ടെത്തി.
റിയ രാത്രി വൈകിയും പഠിക്കാറുണ്ടായിരുന്നതിനാൽ രാവിലെ വൈകിയാണ് സാധാരണയായി എഴുന്നേൽക്കാറുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി വിളിച്ചപ്പോൾ മുറിക്കുള്ളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഐ ലവ് യു മമ്മി, പപ്പാ... എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല’ എന്നായിരുന്നു ഹിന്ദിയിൽ എഴുതിയ കുറിപ്പിലെ പ്രധാന പരാമർശം. സ്വന്തം പരാജയങ്ങൾക്കും കുറവുകൾക്കും താനാണ് കാരണമെന്നും അതിൽ രേഖപ്പെടുത്തിയിരുന്നു.
പഠനവുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദവും നിരാശയുമാണ് റിയയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായിരുന്ന റിയ, മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ വിജയിക്കാനാകാത്തതിനെ തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയായിരുന്നു. ജൂൺ 21-ന് നടക്കാനിരുന്ന പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾക്കിടെയാണ് ദുരന്തമുണ്ടായത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











