
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പതിനാറുവയസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പനവൂർ സ്വദേശിയായ സഹദ് (21) ആണ് അറസ്റ്റിലായത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ശേഷം പ്രതി സഹദ് കണിയാപുരത്ത് കാർ ഉപേക്ഷിച്ചിരുന്നു. പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ സഹദ് പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി ഇത് നിരസിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ കഴുത്തിനും മുതുകിനും വയറിനും പരിക്കേറ്റ കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.









