03:57am 16 June 2026
NEWS
​ജി.എൻ.എം നഴ്സുമാർക്ക് ആശ്വാസം; പ്ലസ് ടു സയൻസ് ഇതര ഗ്രൂപ്പുകാർക്കും ഇനി പോസ്റ്റ് ബേസിക് ബി.എസ്.സി പഠിക്കാം
15/06/2026  09:08 AM IST
സുരേഷ് വണ്ടന്നൂർ
​ജി.എൻ.എം നഴ്സുമാർക്ക് ആശ്വാസം; പ്ലസ് ടു സയൻസ് ഇതര ഗ്രൂപ്പുകാർക്കും ഇനി പോസ്റ്റ് ബേസിക് ബി.എസ്.സി പഠിക്കാം

തിരുവനന്തപുരം: കേരളത്തിൽ ജനറൽ നഴ്സിംഗ് (ജി.എൻ.എം) പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ തുടർപഠന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. പ്ലസ് ടുവിന് സയൻസ് ഇതര ഗ്രൂപ്പുകൾ (കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയവ) പഠിച്ച ശേഷം ജി.എൻ.എം പാസായ നഴ്സുമാർക്കും ഇനി പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിന് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചു.
​ആരോഗ്യമന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഴ്സിംഗ് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. നിലവിൽ പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പ് പഠിച്ചവർക്ക് മാത്രമേ പോസ്റ്റ് ബേസിക് കോഴ്സിന് അഡ്മിഷൻ നൽകാവൂ എന്ന കേരള ആരോഗ്യസർവകലാശാലയുടെ (KUHS) കർശന നിബന്ധനയാണ് സർക്കാർ ഇടപെടലിലൂടെ ഒഴിവാക്കുന്നത്.
​വഴിമുട്ടിക്കുന്ന സീറ്റ് ക്ഷാമം
​കേരളത്തിൽ ജി.എൻ.എം പാസാകുന്നവർക്ക് വിദേശത്തടക്കം മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കാൻ പോസ്റ്റ് ബേസിക് ബി.എസ്.സി ബിരുദം അനിവാര്യമാണ്. തൊഴിൽ വിപണിയിൽ ഡിഗ്രിക്കാർക്ക് മുൻഗണന ലഭിക്കുന്നതും ജി.എൻ.എം നഴ്സുമാരെ തുടർപഠനത്തിന് പ്രേരിപ്പിക്കുന്നു. എന്നാൽ സംസ്ഥാനത്ത് ഇതിനുള്ള അവസരങ്ങൾ വളരെ പരിമിതമാണ്.
​ജി.എൻ.എം സീറ്റുകൾ: കേരളത്തിൽ ആകെ 4,524 ജി.എൻ.എം സീറ്റുകളാണുള്ളത് (സർക്കാർ മേഖലയിൽ 579, സ്വകാര്യ മേഖലയിൽ 3,945).
​പോസ്റ്റ് ബേസിക് സീറ്റുകൾ: എന്നാൽ തുടർപഠനത്തിനായുള്ള പോസ്റ്റ് ബേസിക് സീറ്റുകൾ വെറും 396 മാത്രമാണ്.
​കോളേജുകൾ: സർക്കാർ മേഖലയിൽ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും, സ്വകാര്യ മേഖലയിൽ 14 കോളേജുകളിലും മാത്രമാണ് ഈ കോഴ്സുള്ളത്.
​സാധാരണക്കാരുടെ ആശ്രയം; കടുത്ത മത്സരം
​ബി.എസ്.സി നഴ്സിംഗ് നേരിട്ട് പഠിക്കാൻ കടുത്ത മത്സരമാണ് സംസ്ഥാനത്തുള്ളത്. സർക്കാർ സീറ്റുകളിൽ പ്രവേശനം നേടാൻ പ്ലസ് ടുവിന് കുറഞ്ഞത് 94 ശതമാനത്തിലധികം മാർക്ക് വേണം. സ്വകാര്യ മേഖലയിലാകട്ടെ ലക്ഷക്കണക്കിന് രൂപ ചെലവ് വരും. അതുകൊണ്ടുതന്നെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ് മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സായ ജി.എൻ.എം.
​എന്നാൽ കേരളത്തിലെ പരിമിതമായ സീറ്റുകൾ കാരണം തുടർപഠനത്തിനായി വിദ്യാർത്ഥികൾക്ക് കർണാടക, തമിഴ്നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരികയും വൻ തുക ചെലവഴിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു. പുതിയ യോഗ തീരുമാനം സയൻസ് ഇതര ഗ്രൂപ്പ് പഠിച്ച് ജി.എൻ.എം എടുത്ത വിദ്യാർത്ഥികൾക്ക് വലിയൊരു വിഭാഗത്തിന് ആശ്വാസമാകും.
​ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ്, ഡി.എം.ഇ ഡോ. വിശ്വനാഥൻ, മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളായ അയിര ശശി, വി. സജി, ഫാ. വിമൽ ഫ്രാൻസിസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img