06:23pm 06 August 2026
NEWS
കേരളത്തിൽ ഇനി ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമല്ല
06/08/2026  04:39 PM IST
nila
കേരളത്തിൽ ഇനി ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. 2027-28 അധ്യയന വർഷം മുതൽ പ്ലസ് ടു പാസായിരിക്കണമെന്ന നിബന്ധന കൂടാതെയും ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടാം. ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള വിദ്യാർഥികൾക്കും സംസ്ഥാനത്തെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലുമുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം, പത്താം ക്ലാസിന് ശേഷം ഐടിഐ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സിന്റെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇതോടെ പ്ലസ് ടു പഠിക്കാതെ തന്നെ ഐടിഐ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ ബിരുദ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും.

അതേസമയം, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്കും പ്ലസ് ടുവിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം നേടാനാകും.

നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ഉത്തരവ് 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും പോളിടെക്‌നിക്കുകൾക്കും ഉത്തരവ് കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പുതിയ തീരുമാനം ഐടിഐ, ഡിപ്ലോമ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നതോടൊപ്പം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അക്കാദമിക്, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസങ്ങൾ തമ്മിലുള്ള ഏകോപനത്തിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img