
കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങിയെന്നും പിന്നീട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നും പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ തനിക്ക് നിർമാതാവിന്റെ പങ്കുണ്ടെന്നും പെൺകുട്ടിക്ക് അഭിനയിക്കാൻ അവസരം നൽകാമെന്നും പറഞ്ഞാണ് നാസിം സമീപിച്ചതെന്നാണ് വിദ്യാർഥിനിയുടെ മൊഴി. ഇതിനായി 10,000 രൂപ കൈപ്പറ്റിയെന്നും പെൺകുട്ടി ആരോപിക്കുന്നു.
സിനിമയിൽ അവസരം ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു. രണ്ടാംകുറ്റി ജംക്ഷനിൽ എത്തിച്ചുനൽകാമെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം പെൺകുട്ടി അവിടെ കാത്തുനിന്നു. കാറിലെത്തിയ നാസിം പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതി.
അതിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി മൊബൈൽ ഫോണിലൂടെ ലൊക്കേഷൻ കൈമാറി. വിവരമറിഞ്ഞെത്തിയ സുഹൃത്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്നാണ് വനിതാ പൊലീസിന് നൽകിയ മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.










