06:43pm 21 July 2026
NEWS
പ്ലീഡർ നിയമന വിവാദം: കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വി.ഡി.സതീശൻ
21/07/2026  08:00 AM IST
ന്യൂസ് ബ്യൂറോ
പ്ലീഡർ നിയമന വിവാദം: കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: പ്ലീഡർ നിയമനത്തെച്ചൊല്ലിയും ഒരു പൊതുചടങ്ങിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന് മുഖം കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമായതിനെ തുടർന്ന് കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രി വി.ഡി.സതീശനെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നേരിട്ട് കണ്ടു. എന്നാൽ പ്ലീഡർ നിയമനം പുനഃപരിശോധിക്കണമെന്ന കെ.എസ്.യുവിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കെ.എസ്.യുവിന് മുമ്പൊരിക്കലും ലഭിക്കാത്ത പരിഗണനയാണ് ഇപ്പോൾ സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും അതിനാൽ സർക്കാർ തീരുമാനങ്ങളിൽ ഇടപെടരുതെന്നും മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. തങ്ങളുടെ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കെ.എസ്.യു നേതൃത്വം പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, തങ്ങളെ മുഖ്യമന്ത്രി അനുഭാവപൂർവം കേട്ടെന്നും പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന്റെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു. പത്ത് വർഷത്തെ സമരത്തിലൂടെയും ത്യാഗത്തിലൂടെയും അധികാരത്തിലെത്തിച്ച സർക്കാരാണിതെന്നും കെ.എസ്.യുവിന് സർക്കാർ വിരുദ്ധ പ്രതിച്ഛായ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ച തൃപ്തികരമായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തൃപ്തികരമല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നായിരുന്നു അലോഷ്യസ് സേവ്യറിന്റെ മറുപടി, അതൃപ്തി മറച്ചുവയ്ക്കാതെ തന്നെ.
എം.ജെ.യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ഗോപു നെയ്യാർ എന്നീ കെ.എസ്.യു നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img