
തൃശൂർ: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. നാളെ വൈകിട്ട് മൂന്നു മണിക്ക് പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്കാരം. ഇന്നു രാവിലെ 9.30നു മൃതദേഹം പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ്) കൊണ്ടുവരും. 12 മണി മുതൽ സംഗീത അക്കാദഹി ഹാളിൽ (റീജനൽ തിയറ്റർ) പൊതുദർശനം നടത്തും. നാളെ 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനത്തിന് ശേഷമാകും വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ രാത്രിയിലാണ് പി ജയചന്ദ്രൻ എൺപതാമത്തെ വയസിൽ വിടപറഞ്ഞത്. രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്.











