
ദോഹ: സ്കൂൾ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികൾക്ക് ലഞ്ച് ബോക്സിലും വാട്ടർ ബോട്ടിലിലും ഭക്ഷണം കൊടുത്തുവിടുമ്പോൾ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ കാൻസർ സൊസൈറ്റിയിലെ പോഷകാഹാര വിദഗ്ദ്ധ ബതൂൾ ഇബ്രാഹിം. തെറ്റായ പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതിലെ അശ്രദ്ധയും കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അവർ മുന്നറിയിപ്പ് നൽകി.ഭക്ഷണവും വെള്ളവും സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഫുഡ്-ഗ്രേഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.സ്റ്റീൽ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ "18/8" എന്ന തരം സ്പെസിഫിക്കേഷനുകളും ഫുഡ് സേഫ്റ്റി സർട്ടിഫിക്കേഷനും ഉണ്ടെന്ന് ഉറപ്പുവരുത്തുക.പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ നിർബന്ധമായും 'BPA-free' ആണെന്ന് ഉറപ്പാക്കുക. എങ്കിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഉചിതം.ബാക്ടീരിയ, പൂപ്പൽ എന്നിവയുടെ വളർച്ച തടയാൻ വാട്ടർ ബോട്ടിലുകളും അവയുടെ ഭാഗങ്ങളും ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി നന്നായി ഉണക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
കുട്ടികൾക്ക് പഠനത്തിനും കളികൾക്കും ആവശ്യമായ ഊർജ്ജം ലഭിക്കാൻ അപ്പം/ബ്രെഡ്, കോൺഫ്ലേക്സ് തുടങ്ങിയവ ഉൾപ്പെടുത്താം.
പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം: ചീസ്, ലബ്ന, ഹമ്മൂസ് തുടങ്ങിയവ ഉൾപ്പെടുത്താം. എന്നാൽ ചൂടുള്ള കാലാവസ്ഥയിൽ പാൽ ഉൽപ്പന്നങ്ങൾ കേടാകാതിരിക്കാൻ ലഞ്ച് ബോക്സിനൊപ്പം 'ഐസ് പാക്കുകൾ' (Ice Packs) വയ്ക്കുന്നത് ബാക്ടീരിയ വളർച്ച തടയാൻ സഹായിക്കും.
പഴവർഗ്ഗങ്ങളും പച്ചക്കറികളും: വിറ്റാമിനുകളും മിനറലുകളും ലഭിക്കാൻ ഇവ നിർബന്ധമായും ഭക്ഷണത്തിൽp ഉൾപ്പെടുത്തണം.
കുട്ടികൾക്ക് ഇഷ്ടമുള്ള പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കാൻ അവരെക്കൂടി പങ്കാളികളാക്കണമെന്നും, ആകർഷകമായ രീതിയിൽ ഭക്ഷണം ക്രമീകരിച്ച് നൽകുന്നത് അവരിൽ ആഹാരം കഴിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.











