
പൈലറ്റുമാർ നിയന്ത്രിക്കാനില്ലാതെ 199 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം പത്തുമിനിറ്റോളം പറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനമാണ് പൈലറ്റുമാരുടെ നിയന്ത്രണമില്ലാതെ പത്തുമിനിറ്റോളം പറന്നതെന്ന് ജർമൻ വാർത്താ ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്യുന്നു. വിമാനം പറത്തുന്നതിനിടെ ഒരു പൈലറ്റ് ശുചിമുറിയിൽ പോയതിന് തൊട്ടുപിന്നാലെ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുവീണതോടെയാണ് വിമാനം നിയന്ത്രിക്കാൻ ആരുമില്ലാതെ പറന്നത്.
വിമാനം ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ സുഗമമായി യാത്ര തുടർന്നു. ശുചിമുറിയിൽനിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ ‘അനുമതി’ കിട്ടിയില്ല. തുടർന്ന് പൈലറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യുമ്പോഴേക്കും സഹപൈലറ്റ് എങ്ങനെയോ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി.











