01:11am 05 July 2026
NEWS
പ്രസവശേഷം ഉപേക്ഷിക്കുന്ന മറുപിള്ളയ്ക്ക് കോടികളുടെ കള്ളവിപണി; ലോകത്തെ ഞെട്ടിച്ച പ്ലാസെന്റ മാഫിയയുടെ കഥ
04/07/2026  07:25 AM IST
nila
പ്രസവശേഷം ഉപേക്ഷിക്കുന്ന മറുപിള്ളയ്ക്ക് കോടികളുടെ കള്ളവിപണി; ലോകത്തെ ഞെട്ടിച്ച പ്ലാസെന്റ മാഫിയയുടെ കഥ

പാക്കിസ്ഥാനിൽ ആശുപത്രികളെ കേന്ദ്രീകരിച്ച് മനുഷ്യ മറുപിള്ള (പ്ലാസെന്റ) ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധാരണയായി പ്രസവശേഷം മെഡിക്കൽ മാലിന്യമായി സംസ്കരിക്കപ്പെടേണ്ട മറുപിള്ളകളാണ് അനധികൃതമായി ശേഖരിച്ച്, പ്രത്യേക രീതിയിൽ സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഈ സംഭവത്തിന് പിന്നിൽ സംഘടിത മാഫിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വ്യക്തമാക്കുന്നത്.

എന്താണ് കണ്ടെത്തിയത്?

കഴിഞ്ഞ ആഴ്ച ഇസ്‌ലാമാബാദിൽ നടത്തിയ റെയ്ഡിൽ അനധികൃത പ്രോസസിങ് കേന്ദ്രത്തിൽ നിന്ന് ഏകദേശം 500 കിലോഗ്രാം മനുഷ്യ മറുപിള്ള പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഇസ്‌ലാമാബാദ് വിമാനത്താവളത്തിൽ വിയറ്റ്നാമിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോഗ്രാം മറുപിള്ള ശേഖരവും എഫ്ഐഎ ഉദ്യോഗസ്ഥർ പിടികൂടി.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ഇസ്‌ലാമാബാദിലെയും റാവൽപിണ്ടിയിലെയും ആശുപത്രികളിൽ നിന്ന് മറുപിള്ളകൾ ഒന്നിന് ഏകദേശം 800 രൂപ നിരക്കിൽ വാങ്ങുകയായിരുന്നു. പിന്നീട് ഇവ പ്രത്യേക രീതിയിൽ പ്രോസസ് ചെയ്ത് ഉണക്കി പൊടിച്ച ശേഷമാണ് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത്.

എന്തിനാണ് ഇത്രയും ആവശ്യകത?

പാകിസ്ഥാൻ ഹ്യൂമൻ ഓർഗൻ ട്രാൻസ്പ്ലാന്റ് അതോറിറ്റിയുടെ വിവരമനുസരിച്ച്, ഈ പൊടി പ്രധാനമായും ആന്റി-ഏജിംഗ് (വാർധക്യം ചെറുക്കുന്ന) ഉൽപ്പന്നങ്ങളും ഇഞ്ചക്ഷനുകളും നിർമിക്കാൻ ഉപയോഗിക്കാനായിരുന്നു ലക്ഷ്യം. അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം, ഇത്തരം ഒരു ഇഞ്ചക്ഷന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 7 ലക്ഷം രൂപ വരെ വില ലഭിക്കുമെന്നാണ് വിലയിരുത്തൽ.

മനുഷ്യ മറുപിള്ളയിൽ വളർച്ചാ ഘടകങ്ങൾ, പ്രോട്ടീനുകൾ, വിവിധ ജൈവഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും, അവ ഉപയോഗിച്ചുള്ള സൗന്ദര്യവർധക ചികിത്സകളോ വാർധക്യവിരുദ്ധ ചികിത്സകളോ ഫലപ്രദമാണെന്ന് ഉറപ്പിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിൽ പരിമിതമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലെയും ആരോഗ്യ നിയന്ത്രണ ഏജൻസികൾ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത നിർദേശിക്കുന്നുണ്ട്.

ലാഹോർ, പെഷാവർ, റാവൽപിണ്ടി എന്നിവ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ഈ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ സംശയിക്കുന്നത്. ആശുപത്രികൾക്കൊപ്പം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കോ മെഡിക്കൽ മാലിന്യ സംസ്കരണ കമ്പനികൾക്കോ ഈ കടത്തിൽ പങ്കുണ്ടോയെന്നതും അന്വേഷണവിധേയമാണ്.

മെഡിക്കൽ മാലിന്യമായി കണക്കാക്കപ്പെടുന്ന മറുപിള്ളകൾ കോടികളുടെ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ പാക്കിസ്ഥാനിൽ ആരോഗ്യരംഗത്തും നിയമസംവിധാനത്തിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img