10:33pm 22 September 2026
NEWS
ആൾമാറാട്ട ആരോപണം: ജനം ടി.വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
02/08/2026  09:07 AM IST
ന്യൂസ് ബ്യൂറോ
ആൾമാറാട്ട ആരോപണം: ജനം ടി.വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

​കണ്ണൂർ: മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജ അപേക്ഷ നൽകി പെൻഷൻ കൈപ്പറ്റിയെന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായ പി.കെ. ശ്രീമതി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ജനം ടി.വി, ഭാരത് ലൈഫ്, കർമ്മ ന്യൂസ്, സുദിനം എന്നീ മാധ്യമങ്ങൾക്കെതിരെയാണ് കേസ്.
​കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ. ശ്രീമതിയുടെ അഭിഭാഷകൻ ബി.പി. ശശീന്ദ്രൻ വ്യക്തമാക്കി.
​പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ട
​താൻ പെൻഷൻ കൈയിട്ടു വാരുകയാണെന്ന് വരുത്തിതീർക്കാനും വളരെ വികൃതമായ രീതിയിൽ ചിത്രീകരിക്കാനും ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. വാർത്ത നൽകുന്നതിന് മുൻപ് ഫോണിൽ ബന്ധപ്പെടാൻ പോലും മാധ്യമങ്ങൾ തയ്യാറായില്ലെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ ആരോപിച്ചു.
​"വാർത്ത കുടുംബത്തിലും പാർട്ടിയിലും വലിയ വിഷമമുണ്ടാക്കി. മുൻപ് പല കേസുകളും മാപ്പു പറഞ്ഞതിന്റെ പേരിൽ പിൻവലിച്ചിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ അതിരുകടന്ന ആക്രമണമാണ് നടന്നത്. അതുകൊണ്ട് കേസുമായി ശക്തമായി മുന്നോട്ട് പോകാനാണ് എന്റെയും പാർട്ടിയുടെയും തീരുമാനം." — പി.കെ. ശ്രീമതി
​വരുന്ന നാലാം തീയതി ഓൺലൈൻ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും കേസ് കോടതി പരിഗണിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img