04:15pm 23 July 2026
NEWS

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

23/07/2026  11:53 AM IST
nila
 മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുകയാണെന്ന് ആരോപിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. പ്രചാരണം നടത്തിയതായി ആരോപിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ, സാറ്റലൈറ്റ് ചാനലുകൾ, പത്രം എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ശ്രീമതി വികാരാധീനയായി കണ്ണീരോടെ സംസാരിക്കുകയും ചെയ്തു.

പി.ആർ. കൃഷ്ണൻ എംഎൽഎയുടെ ഭാര്യയാണെന്ന് തെറ്റായി ചിത്രീകരിച്ച് എംഎൽഎയ്ക്ക് ലഭിക്കേണ്ട കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നുവെന്ന തരത്തിലാണ് വ്യാജവാർത്ത പ്രചരിക്കുന്നതെന്ന് ശ്രീമതി പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അവ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ തോന്നുന്ന രീതിയിലാണ് വാർത്തകൾ അവതരിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു.

അമ്പത് വർഷത്തിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് താനെന്നും, ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് തന്റെ ഭാഗം തേടാൻ പോലും ബന്ധപ്പെട്ട മാധ്യമങ്ങൾ തയ്യാറായില്ലെന്നും ശ്രീമതി വിമർശിച്ചു.

ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്നപത്രമായ സുദിനം എന്നിവയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഇവർക്കെതിരെ കേസ് നൽകുന്നതിനുള്ള തെളിവുകൾ ശേഖരിച്ച് അഭിഭാഷകന് കൈമാറിയതായി അറിയിച്ചു.

ഒരു പൊതുപ്രവർത്തകയുടെ സൽപ്പേരിനും വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് ആരോപിച്ച ശ്രീമതി, മുമ്പും പലതവണ സമാനമായ അടിസ്ഥാനരഹിത പ്രചാരണങ്ങൾക്ക് താൻ ഇരയായിട്ടുണ്ടെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img