
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണം വെറും “അധരവ്യായാമം” മാത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം പ്രചാരണങ്ങൾ ജനങ്ങൾ ഗൗരവമായി എടുക്കില്ലെന്നും, എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്ന ഒരു രണ്ട് ചാനലുകൾ ഉണ്ടായാലും അതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദവുമാണ് ഇപ്പോഴത്തെ സാഹചരത്തിൽ ഏറ്റവും അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം ലീഗ് ചർച്ച നടത്തി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള സമസ്തയുടെ പ്രമേയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി കെ കുഞ്ഞാലിക്കുട്ടി അഴകുഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. ഇതിനിടെ, ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയ ഇസ്‌ലാം അപകടകരമായ ആശയമാണെന്നും, മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും, പാൻ ഇസ്‌ലാമിക് തീവ്രവാദ ചിന്തകളെതിരെ ജാഗ്രത വേണമെന്നും പ്രമേയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വിഘടനപരമായ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.











