10:44am 10 November 2026
NEWS
ജന്മ ദിന പ്രഭയിൽ പി ജെ ജോസഫ്
26/06/2025  01:32 PM IST
ഡോ. ജോബിൻ എസ് കൊട്ടാരം
ജന്മ ദിന പ്രഭയിൽ പി ജെ ജോസഫ്
കേരള രാഷ്ട്രീയത്തിൽ ആമുഖം വേണ്ടാത്ത നേതാവാണ് കേരള കോൺഗ്രസ്‌ ചെയർമാനും, എം. എൽ. എ യും, മുൻ മന്ത്രിയുമായ പി ജെ ജോസഫിന് ജൂൺ 28ന് എൺപത്തി നാല് വയസ്സാകുകയാണ്. 1970 ലെ നിയമസഭയിലേക്ക് ആദ്യമായി പി ജെ ജോസഫ് കേരള കോൺഗ്രസ്‌ പ്രതി നിധിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒപ്പം അതേ നിയമ സഭയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ എ. കെ ആന്റണിയും, ഉമ്മൻ ചാണ്ടിയും, പിണറായി വിജയനുമുണ്ടായിരുന്നു. 1980 ൽ കെ കരുണാകരനുമായി ചേർന്ന് യു. ഡി. എഫിന് രൂപം നൽകി.. യു ഡി. എഫിന്റെ ആദ്യത്തെ കൺവീനറും പി ജെ ജോസഫായിരുന്നു. കോൺഗ്രസും, കേരള കോൺഗ്രസുമൊക്കെച്ചേർന്ന് യു. ഡി. എഫ് മുന്നണി രൂപീകരിച്ച ശേഷമാണ് സ്ഥിരത യുള്ള സർക്കാരുകൾ രൂപീകരിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞത്.
 
ശക്തനായ യു. ഡി. എഫ് നേതാവ് എന്ന നിലയിൽ ഇന്ദിരാ ഗാന്ധി പോലും പി ജെ ജോസഫിന്റെ അഭിപ്രായങ്ങൾ ആരായുമായിരുന്നു.1982 ലെ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് ഭരണം പിടിക്കേണ്ടതിന് ഒരു സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു പി ജെ ജോസഫ് ഇന്ദിരാ ഗാന്ധിക്ക് സമർപ്പിച്ചു. ഇന്ദിരാ ഗാന്ധി തന്റെ പ്രൈവറ്റ് സെക്രട്ടറി യായിരുന്ന പി സി അലക്സാണ്ടറോട് പി ജെ ജോസഫിന്റെ കയ്യിൽ നിന്നും വിശദമായ റിപ്പോർട്ട്‌ വാങ്ങുവാൻ ആവശ്യപ്പെട്ടു.. വിജയ സാധ്യതയുള്ളതും, വളരെ കുറച്ചു മാത്രം വിജയ സാധ്യതയുള്ളതുമായ മണ്ഡലങ്ങളുടെ ഒരു ലിസ്റ്റും, അവിടെ സ്ഥാനാർഥി പട്ടികയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പി ജെ ജോസഫ് ഇന്ദിരാ ഗാന്ധിയെ ധരിപ്പിച്ചു.
 
തുടർന്ന് പിന്നീട് ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറും, വെസ്റ്റ് ബംഗാൾ ഗവർണറുമായി മാറിയ എം. കെ നാരായണൻറെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ ഇന്ദിരാ ഗാന്ധി കേരളത്തിലേക്ക് അയച്ചു..അവർ ഇവിടെ വന്ന് കാര്യങ്ങൾ പഠിച്ച്,പി ജെ ജോസഫ് പറഞ്ഞ രീതിയിലുള്ള മാറ്റങ്ങൾ സ്ഥാനാർഥികളുടെ കാര്യത്തിൽ വരുത്തി. അത്തവണത്തെ തിരഞ്ഞെടുപ്പിൽ 8 സീറ്റിന്റെ മാർജിനിലാണ് യു. ഡി. എഫ് ഭരണം പിടിച്ചത്.. ആ എട്ടു സീറ്റുകളും പി ജെ ജോസ ഫിന്റെ നിർണ്ണായക ഇടപെടലുകളിലൂടെ മാറ്റം വരുത്തിയവയായിരുന്നു.
 
എ. കെ ആന്റണി, കെ. കരുണാകരൻ, ഇ. കെ നായനാർ, വി. എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാർക്കൊപ്പം സുപ്രധാന വകുപ്പുകളാണ് പി ജെ ജോസഫ് ഭരിച്ചത്. ആഭ്യന്തരം, എക്സ്സൈസ്, റവന്യു, വിദ്യാഭ്യാസം, ഭവന നിർമ്മാണം, പൊതു മരാ മത്ത്, രെജിസ്ട്രേഷൻ, ജലസേചന  വകുപ്പുകളുടെ മന്ത്രിയായിരുന്ന പി ജെ ആഭ്യന്തര മന്ത്രി യായത് കേവലം മുപ്പത്തിയാറാം വയസ്സിലാണ്.. അന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രി യായിരുന്നു പി. ജെ ജോസഫ്. നിരവധി വികസന ആശയങ്ങളും,വികസനോന്മുഖ രാഷ്ട്രീയ പ്രവർത്തനവുമാണ് ഈ നേതാവിനെ വ്യത്യസ്ത നാക്കുന്നത്.
 
എഴുപതുകളുടെ മധ്യത്തിൽ കേരള യൂത്ത്ഫ്രണ്ട് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കാൽനടയായി സംഘടിപ്പിച്ച യുവജനജാഥയുടെ മുദ്രാവാക്യം 'കൈക്കൂലി വാങ്ങരുത്, കൊടുക്കരുത്' എന്നുള്ളതായിരുന്നു. മാലിന്യമില്ലാത്ത മലയാള നാട്, ജൈവകൃഷി, മുംബൈ-കന്യാകുമാരി അതിവേഗ റയിൽ കോറിഡോർ, ശബരി റെയിൽ, നോർത്ത് -സൗത്ത് എക്സ്പ്രസ്സ്‌ വേ,  എന്നിങ്ങനെ പി.ജെ.ജോസഫ്  മുന്നോട്ടു വച്ച ആശയങ്ങൾ കലാതീതമായി ചിന്തിക്കുവാൻ കേരളത്തിന് കരുത്തു പകർന്നു.
 
നിയോഗങ്ങളാണ് ചില വ്യക്തികളെ ചില ഇടങ്ങളിൽ കൊണ്ടുചെന്നെത്തിക്കുന്നത്.തികച്ചും ആകസ്മികമായാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് അദ്ദേഹം കടന്നുവരുന്നത്. ആ കടന്നുവരവ് കേരള വികസനത്തിന്റെയും നവോത്ഥാനത്തിന്റെയും നാഴികക്കല്ലായി മാറി എന്നതാണ് ചരിത്രം.
 ആധുനിക കേരളത്തിന്റെ ശില്പികളെ സ്മരിക്കുമ്പോൾ പി.ജെ.ജോസഫ് എന്ന ജനനേതാവിനെ വിസ്മരിക്കുവാൻ ആർക്കും സാധിക്കുകയില്ല. കേരളത്തിലെ കോളജുകളിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തി പ്ലസ് ടു ആരംഭിക്കുവാൻ പി.ജെ.ജോസഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായാരിക്കുമ്പോൾ കൈക്കൊണ്ട സുപ്രധാന തീരുമാനം സീറ്റുകളുടെ ലഭ്യതക്കുറവും, നഗരങ്ങളിലേ കോളജുകളിലേക്കുള്ള യാത്രാക്ലേശവും മൂലം പഠനം മുടങ്ങുമായിരുന്ന പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന്റെ പൂർത്തീകരണത്തിന് കാരണമായി. 
 
പ്ലസ് ടു പൂർത്തിയാക്കി നഴ്‌സിംഗ്, എഞ്ചിനീയറിംഗ് അടക്കമുള്ള തൊഴിൽ മേഖലകളിൽ വിദേശരാജ്യങ്ങളിലും, സ്വദേശത്തും തൊഴിൽ കണ്ടെത്താൻ അവർക്ക് സാധിച്ചത് നിരവധി കുടുംബങ്ങൾ സാമ്പത്തികാഭിവൃദ്ധിയിലേക്ക് കുതിക്കുന്നതിന് കാരണമായിത്തീർന്നു. 1982-87 കാലഘട്ടത്തിൽ ഭവന നിർമ്മാണ മന്ത്രി ആയിരിക്കുമ്പോൾ പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി കൊണ്ടു വന്ന് ഒരു ലക്ഷം വീടുകളാണ് പി ജെ ജോസഫ് നിർമ്മിച്ചത്. അതു വരെ ഇടത്തരക്കാർക്ക് വേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതികളെ ബ്രഹത്തായ രീതിയിൽ ഉണ്ടായിരുന്നുള്ളു. ഗവണ്മെന്റ് പോളിസിയിൽ തന്നെ മാറ്റം കൊണ്ടു വന്നാണ് ഇത്തരത്തിൽ ഒരു ലക്ഷം വീടുകൾ നിർമിച്ചത്.
 
1996 ൽ മൈത്രി പദ്ധതിയിൽ ഉൾക്കൊള്ളിച്ചു 4 ലക്ഷം വീടുകൾ പാവപ്പെട്ടവർക്കായി പണിതു നൽകി വീണ്ടും പി. ജെ ജോസഫ് ചരിത്രം കുറിച്ചു.
പി ജെ ജോസഫ് റവന്യൂ മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിലെ വില്ലേജ് ഓഫീസുകൾ ഹൈ ടെക്ക് ആയി നവീകരിക്കുന്നത്.
പൊതു മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ലോക ബാങ്കിന്റെ സഹായത്തോടെ കേരളത്തിലുടനീളം മികച്ച റോഡുകളും, പാലങ്ങളും നിർമ്മിച്ചത്.
 
1979 ൽ കേരള കോൺഗ്രസ്‌ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
 
കേരളത്തിന്റെ സമഗ്രവികസനം എന്നും ലക്ഷ്യമായിക്കണ്ട ഈ ജന നേതാവ് 1984 ൽ അതിനായി ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പഠന ഗവേഷണ കേന്ദ്രത്തിന് രൂപം നൽകി. ഇന്ത്യയുടെ പ്രസിഡന്റ്‌ ആയിരിക്കെ ഡോ. എ. പി. ജെ അബ്ദുൽ കാലമിനെപ്പോലുള്ളവർപ്പോലും തൊടുപുഴയിൽ ഗാന്ധിജി സ്റ്റഡി സെന്റർ സംഘടിപ്പിച്ച കാർഷിക മേളയിൽ വന്നത് കാർഷിക മേഖലയിലെ പി ജെ ജോസഫിന്റെ ഇടപെടലുകൾക്കുള്ള അംഗീകാരമായി മാറി.  പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ജനങ്ങൾ ക്കൊപ്പം നിന്നു കൊണ്ട് പി ജെ ജോസഫ് തന്റെ പൊതു പ്രവർത്തന വീഥിയിലെ ജൈത്ര യാത്ര തുടരുകയാണ്
 
(കേരള കോൺഗ്രസ്‌ പാർട്ടിയുടെ സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗവും, കേരള കോൺഗ്രസ്‌ ചരിത്ര രചയിതാവുമാണ് ഡോ. ജോബിൻ എസ് കൊട്ടാരം )
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img