
പിറവം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മണീട് നെച്ചൂർ ഭാഗത്താണ് സംഭവം. പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലാണ് രക്ഷയായത്. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വെട്ടിക്കലിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി സ്കൂൾ ബസിൽ മണീട് വൈ.എം.സി.എ.-പുത്തൻനട റോഡിലെ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മധ്യവയസ്കയായ സ്ത്രീ മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിച്ചു.
സ്ത്രീയുടെ ക്ഷണം നിരസിച്ച് പെൺകുട്ടി മുന്നോട്ടുപോയെങ്കിലും പിന്നാലെയെത്തിയ സ്ത്രീ കുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി സ്ത്രീയുടെ കൈയിൽ കടിച്ച് പിടിവിടുവിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് തൊട്ടുപിന്നാലെ എത്തിയ ബൈക്കിൽ കയറി സ്ത്രീ സ്ഥലത്തുനിന്ന് പോയതായാണ് പെൺകുട്ടിയുടെ മൊഴി.
ഭയന്ന പെൺകുട്ടി ഓടിയെത്തി വീട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ വാർഡംഗം പി.ഐ. ഏലിയാസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പിറവം പൊലീസിൽ പരാതി നൽകി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മധ്യവയസ്കയായ സ്ത്രീയാണ് തന്നെ പിടിച്ചുവലിച്ചതെന്നും മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു ഇവർ ധരിച്ചിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അതേസമയം, സംഭവത്തിന് മുമ്പ് രാവിലെ മുതൽ പ്രദേശത്ത് ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും കണ്ടിരുന്നതായി സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.










