04:14am 12 October 2026
NEWS
റോഡ് കുഴിക്കാതെ പൈപ്പിടൽ; തിരുവനന്തപുരം നഗരത്തിൽ 2.11 കോടിയുടെ മൈക്രോ ടണലിങ് പദ്ധതിക്ക് അനുമതി
11/10/2026  08:37 AM IST
nila
റോഡ് കുഴിക്കാതെ പൈപ്പിടൽ; തിരുവനന്തപുരം നഗരത്തിൽ 2.11 കോടിയുടെ മൈക്രോ ടണലിങ് പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡുകൾ വെട്ടിപ്പൊളിക്കുന്ന രീതിക്ക് പകരമായി ആധുനിക സാങ്കേതികവിദ്യയുമായി തലസ്ഥാന നഗരം. റോഡിന്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താതെ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിക്കുന്ന മൈക്രോ ടണലിങ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. പദ്ധതിക്കായി 2.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പാങ്ങോട് വാർഡിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് പൂജപ്പുര, വലിയശാല എന്നിവിടങ്ങളിലും മൈക്രോ ടണലിങ് വഴി പൈപ്പുകൾ സ്ഥാപിക്കും. ആവശ്യമായ യന്ത്രം 15 ദിവസത്തിനുള്ളിൽ തലസ്ഥാനത്തെത്തിച്ച് നിർമാണം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽ 5000 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഭൂമിക്കടിയിലൂടെ പൈപ്പിടൽ

റോഡുകൾ കുഴിക്കാതെ പൈപ്പ് ലൈൻ സ്ഥാപിക്കാനാകുമെന്നതാണ് മൈക്രോ ടണലിങ് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. ഇതിനായി നിശ്ചിത സ്ഥലത്ത് കുഴിയെടുത്ത് പ്രത്യേക യന്ത്രം ഭൂമിക്കടിയിലേക്ക് ഇറക്കും. മണ്ണ് തുരന്ന് യന്ത്രം മുന്നോട്ടുനീങ്ങുന്നതിനൊപ്പം പൈപ്പുകളും സ്ഥാപിക്കും. ഉറച്ച മണ്ണുള്ള പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും.

ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മൈക്രോ ടണലിങ് ഉപയോഗിച്ചുള്ള പൈപ്പിടൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഈ രീതി തലസ്ഥാനത്തും പ്രാവർത്തികമാകുന്നതോടെ റോഡുകൾ വെട്ടിപ്പൊളിക്കുന്നതുമൂലമുള്ള ഗതാഗതക്കുരുക്കും പൊതുജനങ്ങളുടെ യാത്രാദുരിതവും കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ചെലവ് അഞ്ചിരട്ടി; റോഡ് പുനർനിർമാണം ഒഴിവാക്കാം

പരമ്പരാഗത രീതിയിലുള്ള പൈപ്പിടലിനെ അപേക്ഷിച്ച് മൈക്രോ ടണലിങ്ങിന് ഏകദേശം അഞ്ചിരട്ടി ചെലവ് വരും. മീറ്ററിന് ഒരു ലക്ഷത്തിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്. എന്നാൽ റോഡ് പൊളിക്കുന്നതിനും പിന്നീട് പുനർനിർമിക്കുന്നതിനും വേണ്ടിവരുന്ന ചെലവ് ഒഴിവാക്കാനാകുമെന്നത് പദ്ധതിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു.

പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് മുമ്പ് കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ പരിശോധന നടത്തും. നിലവിലുള്ള പൈപ്പ് ലൈനുകളേക്കാൾ ആഴത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കുക. ഇതുവഴി ഭൂമിക്കടിയിൽ നിലവിലുള്ള മറ്റ് പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനാകും.

റോഡുകളുടെ അറ്റകുറ്റപ്പണികൾ ആവർത്തിക്കേണ്ട സാഹചര്യം കുറയ്ക്കുന്നതിനൊപ്പം പൈപ്പ് ലൈൻ നിർമാണം കൂടുതൽ കാര്യക്ഷമമാക്കാനും മൈക്രോ ടണലിങ് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img