11:36pm 07 November 2026
NEWS
വീണ്ടും മുഖ്യമന്ത്രിയാകാൻ മോഹം
അത് ജനങ്ങൾകൂടി വിചാരിക്കണം...

10/03/2025  08:51 AM IST
News Bureau
അകം വേകുന്നു, പുറം അറിയുന്നു
HIGHLIGHTS

മൂന്നാം ടേം പിടിക്കാൻ പിണറായി വിജയൻ ഇറങ്ങിത്തിരിക്കുമ്പോൾ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരുന്നത് സ്വന്തം പാര്‍ട്ടിയിൽ നിന്നുതന്നെയാണ് 

കൊല്ലം : അണികൾ എല്ലാം കാണുന്നുണ്ട്. എല്ലാക്കാലത്തും എല്ലാവരും വിജയന്റെ ദാസൻമാരായിരിക്കില്ല. വരാനിരിക്കുന്നത് ശക്തമായ രാഷ്ട്രീയതിരിച്ചടി. എല്ലാം തനിക്കൊപ്പമെന്ന് ഊറ്റംകൊണ്ട് മുന്നോട്ടുപോകുന്നവര്‍ ഒരുകാര്യം മറക്കുന്നു. പാര്‍ട്ടിയെ കൈക്കുള്ളിലാക്കാം. പക്ഷേ, ജനങ്ങളെ പോക്കറ്റിലാക്കാമെന്നത് വ്യാമോഹമാണ്. അവര്‍ എല്ലാം കാണുന്നുണ്ട് .... വിഭാഗീയത ഒന്നുമില്ലാതെ സംസ്ഥാന സമ്മേളനം കഴിഞ്ഞെന്ന് സി.പി.എം. ഔദ്യോഗികനേതൃത്വം അവകാശപ്പെടുമ്പോൾ കണ്ണൂരിലെ പാര്‍ട്ടി ഗ്രൂപ്പുകളിൽ സജീവമായി പ്രചരിക്കുന്നത് മേൽത്തരം സന്ദേശങ്ങളാണ്. പലതും ജില്ലാതനേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വികാരം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും നിറയുകയാണ്. തങ്ങളുടെ എല്ലാമെല്ലാമായ ചെന്താരകമെന്ന് അവര്‍ വിശേഷിപ്പിക്കുന്ന പി. ജയരാജനെ സംസ്ഥാനസെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്. 
             അവസാനലാപ്പ് വരെ പ്രതീക്ഷവെച്ചുപുലര്‍ത്തിയ (സംസ്ഥാന സെക്രട്ടറിസ്ഥാനം) ഇ.പി. ജയരാജനും കടുത്ത നിരാശയിലാണ്. വടക്കുനിന്നും ഇങ്ങ് തെക്കോട്ട് വന്നാൽ പത്തനംതിട്ടയിലും പ്രശ്നങ്ങൾ ആടിയുലയുകയാണ്. 50 കൊല്ലത്തെ പാര്‍ട്ടിപ്രവര്‍ത്തനം കൈമുതലായ തന്നെ വെട്ടിയൊതുക്കി ഒൻപതുകൊല്ലത്തെ പഴക്കം മാത്രമുള്ള വീണാജോര്‍ജ്ജിനെ സംസ്ഥാനസെക്രട്ടറിയേറ്റിലെ പ്രത്യേകക്ഷണിതാവാക്കിയതാണ് മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ ചൊടിപ്പിച്ചത്. സംസ്ഥാനസമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോന്ന പത്മകുമാര്‍ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും അത് പിന്നീട് പിന്‍വലിച്ചു. എന്നാൽ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കിയതോടെ കാര്യങ്ങൾ കീഴിൻമേൽ മറിയുകയാണ്. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി ഏറെക്കുറേ ഉറപ്പാണ്. താൻ സി.പി.എം. വിടില്ലെന്ന് പത്മകുമാര്‍ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ലഭ്യമാകുന്ന വിവരം. കൊല്ലത്തിന് മതിയായ പരിഗണന ലഭിച്ചില്ലെന്ന പരാതി അവിടത്തെ നേതാക്കൻമാര്‍ക്കുമുണ്ട്. 
           ഏതായാലും വരുംദിവസങ്ങളിൽ വിഭാഗീയത സി.പി.എമ്മിൽ ശക്തമാകാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. പാര്‍ട്ടിമെഷിനറി എല്ലാം അനുകൂലമാക്കിയശേഷം മൂന്നാം ടേം പിടിക്കാൻ പിണറായി വിജയൻ ഇറങ്ങിത്തിരിക്കുമ്പോൾ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടേണ്ടിവരുന്നത് സ്വന്തം പാര്‍ട്ടിയിൽ നിന്നുതന്നെയാണ് എന്ന് വ്യക്തം. വരുംദിവസങ്ങളിൽ ചിലപൊട്ടിത്തെറികൾ സി.പി.എമ്മിൽ ഉയരാനുള്ള സാദ്ധ്യതയും രാഷ്ട്രീയനിരീക്ഷകര്‍ തള്ളുന്നില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img