01:32am 16 June 2026
NEWS
സി.പി.എമ്മിൽ പിണറായി ആധിപത്യം തന്നെ തുടരും; തോൽവി വ്യക്തിയുടെ വീഴ്ചയല്ലെന്ന് നേതൃത്വം
15/06/2026  08:06 PM IST
ചെറുകര സണ്ണീലൂക്കോസ്
സി.പി.എമ്മിൽ പിണറായി  ആധിപത്യം തന്നെ തുടരും; തോൽവി വ്യക്തിയുടെ വീഴ്ചയല്ലെന്ന് നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ 'പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കു'മെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പരസ്യപ്രതികരണങ്ങൾ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തവർ പോലും തെല്ല് അമ്പരപ്പോടെയാണ് കേട്ടത്. കാരണം സി.പി.എം എന്ന പ്രസ്ഥാനത്തിൽ നിലവിൽ ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എന്ന കുറ്റസമ്മതം കൂടിയായിരുന്നുവോ ഇവരുടെ വാക്കുകൾ.

ഇപ്പോൾ മാർക്‌സിസ്റ്റ് പാർട്ടിയിൽ ആരും അഭിപ്രായം പറയാറില്ലെന്നും, എതിരഭിപ്രായങ്ങൾ പറഞ്ഞവരെല്ലാം പാർട്ടിക്ക് പുറത്തായെന്നും എതിർക്കാനും വിയോജിക്കാനും ഇടമില്ലാത്ത കേരളത്തിലെ സി.പി.എം, വിശ്വാസികളുടെ വെറും കൂട്ടമായി മാറിയെന്നും നേതാവ് പറയും, അണികൾ ആവർത്തിക്കും എന്നുള്ളതാവണവസ്ഥയെന്നും ഈ ലേഖകനെപ്പോലുള്ളവർ കഴിഞ്ഞ പത്തുവർഷത്തിലേറെയായി എത്രയോ തവണ എഴുതിയിരിക്കുന്നു.

ഈ വിശ്വാസക്കൂട്ടായ്മയുടെ ചോദ്യം ചെയ്യാനാകാത്ത നേതാവായി ക്യാപ്റ്റൻ പിണറായി വിജയൻ ഉയർന്നുനിന്നു. 75 വയസ് പിന്നിട്ട എല്ലാവരേയും പ്രായം കണക്കിലെടുത്ത് പാർലമെന്ററി അവസരങ്ങളിൽ നിന്നും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി നിർത്താൻ തീരുമാനിച്ചപ്പോഴും 80-ാം വയസ്സിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയാകാൻ മൂന്നാം ഊഴം തേടിയത്.
നിർഭയമായി അഭിപ്രായം പറയുവാൻ അവസരം ലഭിച്ചത് ജില്ലാ കമ്മിറ്റികൾ മുതൽ താഴെ ബ്രാഞ്ചുതലം വരെ നടന്ന വിലയിരുത്തൽ ചർച്ചകളിൽ അംഗങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. അവസരം ലഭിച്ചപ്പോൾ വളരെ യാഥാർത്ഥ്യ ബോധത്തോടുകൂടിയുള്ള വിമർശനങ്ങൾ താഴെത്തട്ടിലെ നേതാക്കൾ നടത്തി.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും, എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തിരമായി ഒഴിയണമെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ഇരുവരേയും പാർട്ടി ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. ഉത്തരവാദിത്തം നിറവേറ്റാത്ത സെക്രട്ടറിയേറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് ഭരണവിരുദ്ധതരംഗമല്ല പിണറായി- ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും, തിരഞ്ഞെടുപ്പ് വിശകലനത്തിന് ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റിയോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.

61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരിക്കേണ്ടത് 80 കഴിഞ്ഞ പിണറായി വിജയനല്ല ജനങ്ങൾക്ക് പിണറായി അപ്രാപ്യനാണ്. ഫലത്തിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുക ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമെന്നും കൊല്ലത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എം. വിജയരാഘവൻ ഇരിങ്ങാലക്കുടയിൽ ഒരു തവണമാത്രം മത്സരിച്ചു ജയിച്ച ആളെ മാറ്റി ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയെങ്കിൽ, ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിച്ച് മന്ത്രിയാക്കാൻ ശ്രമിച്ചു. നാല് പി.ബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടുവരണം. മറ്റ് രണ്ടുപേർക്ക് ഭാര്യമാരെ മന്ത്രിമാരാക്കണം ഇതിന്റെ ഇരയായി കെ.കെ. ശൈലജ മാറിയെന്നും കൊല്ലത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പേരാവൂരിൽ കെ.കെ. ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും അവിടെ മത്സരിക്കേണ്ടിയിരുന്നത് ധീരനായ പിണറായി വിജയനായിരുന്നുവെന്നുമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പല നേതാക്കളും പറഞ്ഞത്.

കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിലും നേതൃത്വത്തിനെതിരെ അതിനിശിതവിമർശനമാണ് ഉയർന്നത്. പിണറായി വിരുദ്ധമായി യാതൊന്നുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവനകളെ കണ്ണൂരിലെ നേതാക്കൾ ചോദ്യം ചെയ്തു. പാർട്ടി തോൽക്കുമ്പോഴെല്ലാം നേതൃത്വം നടത്തുന്ന ന്യായീകരണങ്ങൾ അരോചകമാകുന്നുവെന്ന് കണ്ണൂർ നേതാക്കൾ പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുതെന്നും കൃത്യമായ, വസ്തുതാപരമായ വിശകലനം നടത്താൻ നേതാക്കൾ തയ്യാറാകണമെന്നും കണ്ണൂരിൽ ആവശ്യം ഉയർന്നു. അടിയൊഴുക്ക് കണ്ടെത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും പാർട്ടി തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും, അതാണ് പാർട്ടി ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നു കരുതിയ മണ്ഡലങ്ങളിൽ കണ്ടതെന്നും, കണ്ണൂരിൽ വിമർശനം ഉയർന്നു.

സമ്പൂർണ്ണ പരാജയം സംഭവിച്ച എറണാകുളത്തെ ജില്ലാ കമ്മിറ്റിയിൽ വർഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമടക്കമുള്ളവർ തലയിലേറ്റി നടന്നത് പാർട്ടിയുടെ വർഗ്ഗീയ വിരുദ്ധ നിലപാടിന്റെ വിശ്വാസ്യതയെക്കുറിച്ച് ന്യൂനപക്ഷങ്ങളിൽ സംശയം ജനിപ്പിച്ചെന്ന വിമർശനം അംഗങ്ങൾ ഉയർത്തി. അങ്ങനെ 14 ജില്ലാ കമ്മിറ്റികളിലും, ഏരിയ കമ്മിറ്റികളിലും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അവരെ പിന്തുണയ്ക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ അതിനിശിതവിമർശനമാണുയർന്നത്.

പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിനെ തുറന്ന ചർച്ചകൾ നടന്ന ജില്ലാ കമ്മിറ്റികളിലോ കീഴ് കമ്മിറ്റികളിലോ മഹാഭൂരിപക്ഷം അനുകൂലിച്ചില്ല. എങ്ങനെ തോറ്റു എന്ന രാഷ്ട്രീയ ചോദ്യത്തിന് മറുപടിയായി പാർട്ടിയുടെ ജില്ലാതല നേതാക്കൾ മുതൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ വരെയും പാർട്ടിയുടെ സഹയാത്രികരായിരുന്ന സാമൂഹിക സാംസ്‌ക്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ഉയർത്തിയ ചൂണ്ടുവിരലുകൾ ഏറെയും നീണ്ടത് പിണറായി വിജയന് നേരെയായിരുന്നു.

സി.പി.എം എം.പിയും എം.എൽ.എയുമാക്കിയ മറ്റൊരു പാർട്ടിയുടെയും അനുഭാവിയല്ലാത്ത മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ, മുഴുവൻ ഇടതുപക്ഷ സഹയാത്രികരേയും പ്രതിനിധാനം ചെയ്യുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു. 'എൽ.ഡി.എഫിനെ ചവിട്ടിക്കൂട്ടി ഷെഡിലാക്കാൻ മാത്രമുള്ള ഭരണവിരുദ്ധവികാരം കേരളത്തിൽ പ്രകടമായിരുന്നില്ല. ജനങ്ങളുടെ വിരോധം പിണറായിയോടായിരുന്നു. ധാർഷ്ട്യം എന്ന ഒറ്റവാക്കിൽ പിണറായിയുടെ വ്യക്തിത്വത്തെ എതിരാളികൾക്ക് ഒതുക്കാൻ സാധിച്ചു. എനിക്ക് തോന്നിയത് ചെയ്യും എന്ന വികാരത്തിന്റെ പരമകാഷ്ഠയിലായിരുന്നു മുഖ്യമന്ത്രി. പിണറായി വിജയനെതിരെയാണ് ആളുകൾ വോട്ട് ചെയ്തത്. 10 വർഷം ചോദ്യം ചെയ്യാത്ത അധികാരത്തിന്റെ ഉടമയായിട്ട് ഇനി ചെറിയ ഒരു പ്രതിപക്ഷത്തിന്റെ നേതാവായിരിക്കാൻ പിണറായി താൽപ്പര്യപ്പെടരുത് അതിന് നിൽക്കരുത്.'
മൂന്നാമതും തുടർഭരണം കിട്ടിയാൽ സി.പി.എം നശിച്ചുപോകുമെന്നും അതുകൊണ്ട് പ്രതിപക്ഷത്തിരിക്കുകയാണ് നല്ലതെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റും ഇടതുപക്ഷ സഹയാത്രികനുമായ കെ. സച്ചിദാനന്ദനും ഇടതുപക്ഷ സൈദ്ധാന്തികനുമായ ഡോ. പി.കെ. പോക്കറുമൊക്കെ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാതെ അവരെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു പാർട്ടിയോട് വിധേയപ്പെട്ടു നിൽക്കുന്ന എഴുത്തുകാർ.

തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ മെയ് 10, 11 തീയതികളിൽ ചേർന്ന പി.ബിയിൽ പിണറായിയുടെ ഭരണനേതൃത്വത്തിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ നിശിതവിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്ത് പുതിയ നേതൃത്വം വരട്ടെ എന്ന പൊതുനിലപാടിലായിരുന്നു പി.ബി. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാനുള്ള പിണറായി വിജയന്റെ താൽപ്പര്യം നിറവേറ്റാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികളായ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ കടുംപിടുത്തം പിടിച്ചപ്പോൾ കെ.എൻ. ബാലഗോപാലിന്റെയടക്കം മറ്റൊരു പേരും ഉന്നയിക്കാൻ സെക്രട്ടറിയേറ്റിൽ ഒരാളും ധൈര്യപ്പെട്ടില്ല.

പിന്നീട് ജനറൽ സെക്രട്ടറി എം.എ. ബേബി ഓൺലൈനായി അടിയന്തിരയോഗം വിളിച്ചാണ് കേരള സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഏകകണ്ഠമായ അഭിപ്രായമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കണം എന്നത്. അതുകൊണ്ട് ആ തീരുമാനം എല്ലാവരും അംഗീകരിക്കണം എന്നുപറയുന്നത്. 17 പേർ പങ്കെടുത്ത പി.ബിയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ബലത്തിൽ 10 പേരുടെ മാത്രം പിന്തുണയോടെയാണ് പ്രതിപക്ഷ നേതാവാകാൻ പിണറായിക്ക് സാധിച്ചത് എന്നത് പിണറായിക്ക് ഒട്ടും അഭിമാനിക്കാൻ വക നൽകുന്നില്ല.

ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും സി. അച്യുതമേനോനും, പി.കെ. വാസുദേവൻനായരും, എ.കെ. ആന്റണിയുമൊക്കെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം സജീവ രാഷ്ട്രീയമില്ലാതെ സാധാരണക്കാരെപ്പോലെ ജീവിച്ച ജീവിക്കുന്ന ചരിത്രം നമ്മുടെ മുമ്പിലുണ്ട്. എന്നാൽ ഒരു കാബിനറ്റ് പദവിയും അതിന്റെ സൗകര്യങ്ങളെങ്കിലും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നതാണ് വാസ്തവം. തനിക്കും കുടുംബത്തിനുമെതിരെ നിയമപരമായ ചില  നടപടികൾ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ഒരു കാബിനറ്റ് പദവിയുണ്ടെങ്കിൽ അതിൽനിന്നൊക്കെ മിനിമം പരിരക്ഷ ലഭിക്കുമെന്നദ്ദേഹം കരുതുന്നുണ്ടാവണം.

എന്നാൽ ജില്ലാ കമ്മിറ്റികൾ മുതൽ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളുടെ യോഗങ്ങളിൽ നടന്ന വിമർശനങ്ങൾക്കോ തുറന്നുപറച്ചിലുകൾക്കോ പാർട്ടിക്കുള്ളിൽ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ലെന്ന് പിന്നീട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തോടെ വ്യക്തമായി. താഴെ തലങ്ങളിൽ നടന്ന യോഗങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കൂട്ടിചേർക്കലുകളിലൂടെ സമാഹരിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിലവതരിപ്പിച്ചപ്പോൾ കഥയാകെ മാറി.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതു സംസ്ഥാന നേതൃത്വം ഏകകണ്ഠമായാണെന്ന് ചൂണ്ടിക്കാട്ടിയ നേതൃത്വം ഈ തീരുമാനത്തിനെതിരെ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും ഉയർന്ന വിമർശനങ്ങളെയെല്ലാം തള്ളിക്കളയുകയായിരുന്നു. വെള്ളാപ്പള്ളിയോട് കാണിച്ച അമിത അടുപ്പവും ആഗോള അയ്യപ്പസംഗമത്തിന് യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു തെറ്റായി പോയെന്നുമൊക്കെയുള്ള ചില വിമർശനങ്ങൾ ഉയർന്നെങ്കിലും പാർട്ടിയിൽ ഇനിയും പിണറായി വിജയന്റെ അപ്രമാദിത്തം തന്നെ തുടരും എന്ന് ഒടുവിൽ ചേർന്ന സംസ്ഥാന കമ്മിറ്റി കഴിഞ്ഞതോടെ വ്യക്തമായി. പാർട്ടി എങ്ങനെ പോകണമെന്ന് പിണറായി പറയും എം.എ. ബേബി മുതൽ വിജയരാഘവനും, എം.വി. ഗോവിന്ദനും വരെ സകല നേതാക്കളും അതാവർത്തിക്കും.

ഓരോ ജില്ലയിലും മേഖല തിരിച്ച് ഏരിയായോഗങ്ങൾ വിളിച്ചു ബ്രാഞ്ച് കമ്മിറ്റിവരെയുള്ളവരെ പങ്കെടുപ്പിച്ചു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവിടെ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് നേതാക്കൾ സമ്മതിക്കും. എന്നാൽ അത് എന്തെങ്കിലും വ്യക്തിയുടെ വീഴ്ചയല്ല എന്നുപറയും. പിണറായി വിജയനല്ലാതെ പ്രതിപക്ഷ നേതാവാകാൻ യോഗ്യരായ മറ്റാരുമില്ലെന്ന് പഠിപ്പിക്കും. ഒടുക്കം പാർട്ടി കേഡർമാരെ ബാധിച്ചിട്ടുള്ള പാർലമെന്ററി വ്യാമോഹവും, ധനമോഹവും, പാർട്ടി പ്രവർത്തനത്തിലെ ഉദാസീനതയും, പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവുമൊക്കെയാണ് പാർട്ടി അഭിമുഖീകരിക്കുന്ന ദൗർബല്യങ്ങൾ എന്ന് കുറ്റപ്പെടുത്തുന്ന ഒരു തെറ്റുതിരുത്തൽ രേഖയും പ്രതീക്ഷിക്കാം.(തെറ്റുതിരുത്തൽ രേഖകൾ മുമ്പിറക്കിയത് പലതും പാർട്ടി വെബ്‌സൈറ്റിൽ തന്നെയുണ്ട്.) വേണമെങ്കിൽ അതിനായി ഒരു പാർട്ടി പ്ലീനവും ചേർന്നെന്നുവരും.

പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും എം. സ്വരാജിന്റെയും തലമുറ രാഷ്ട്രീയ പാഠങ്ങൾ പഠിച്ചത് പിണറായിയുടെ ഇടത്തിൽ നിന്നാണെന്നതാണ് അവരുടെ വളർച്ച മുരടിച്ചുപോകാനിടയാക്കിയത്. നീതിബോധമുള്ള ഒരു സാമൂഹ്യനിർമ്മിതിക്കുവേണ്ടി അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച പൂർവ്വകാല ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ നേതാക്കൾക്ക് എന്തുകൊണ്ട് സ്വയം സംഭവിക്കുന്നതിനെക്കുറിച്ച് യാഥാർത്ഥ്യബോധമുണ്ടാവുന്നില്ല എന്നത് അത്ഭുതകരമാണ്.

സി.പി.എംന്റെ അടിയുറച്ച സഹയാത്രികനായ ഡോ. ബി. ഇക്ബാൽ ഏറ്റവും ലളിതമായി ഈയിടെ പറഞ്ഞത് ഇങ്ങനെ:
“കലാലയ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സംഘടനകൾ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് സ്വീകാര്യരായ യുവപ്രതിഭകളെ വാർത്തെടുക്കാൻ അവർക്ക് കഴിയുന്നില്ല. ആൾക്കൂട്ടാക്രമണങ്ങളേയും പ്രതിരോധ സമരങ്ങളേയും മാത്രം രാഷ്ട്രീയമായി കാണുന്ന രീതിയും മുതിർന്ന നേതാക്കളുടെ ധാർഷ്ട്യവും അഹന്തയും നിറഞ്ഞ ശൈലിയെ അനുകരിക്കാനുള്ള പ്രവണതയും യുവനിരയുടെ വളർച്ചയെ മുരടിപ്പിക്കുന്നു. പൊതുചർച്ചയിൽ പങ്കെടുക്കുന്ന യുവനേതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റം ജനങ്ങളെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നകറ്റുന്നതിൽ വലിയ പങ്കുവഹിച്ചുവരുന്നു.'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img