
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദമാകുന്നു. ‘ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്’ എന്നായിരുന്നു പിണറായി വിജയന്റെ പരാമർശം. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്.
നേരത്തേ രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് പിണറായി വിജയന്റെ വിവാദ പരാമർശം. 'നീ പോ മോനേ വിജയാ'– തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഹൻലാൽ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ രേവന്ത് റെഡ്ഡി വിമർശിച്ചിരുന്നു. നേമത്തെ സ്ഥാനാർഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമർശനം. പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ശമ്പളവും പെൻഷനും നിരന്തരം മുടക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽനിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവഹണത്തിന്റെ പാഠങ്ങൾ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.










