
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥികൾക്കെതിരെ പ്രകോപനമില്ലാതെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പുരുഷ പൊലീസുകാർ ആക്രമിച്ചെന്നും കത്തിൽ ആരോപിച്ചു. സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുന്നതിൽ സമവായം നിലനിന്നിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
എന്നാൽ എൺപത് വർഷത്തിലേറെയായി നിലനിൽക്കുന്ന ഈ സമവായം തകർത്ത് വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടികളെ വിമർശിക്കുകയും ചെയ്യുന്ന കോൺഗ്രസ്, കേരളത്തിൽ വിദ്യാർത്ഥികളെ ഫാസിസ്റ്റ് ശൈലിയിലാണ് നേരിടുന്നതെന്നും പിണറായി വിജയൻ കത്തിൽ കുറ്റപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സർവകലാശാല നിയമത്തിൽ യുജിസി ചട്ടങ്ങൾക്കനുസരിച്ച് ഭേദഗതി വരുത്താമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സമ്മതിച്ചതിനെയും പിണറായി വിമർശിച്ചു. ഇതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന നിലപാട് സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്നും, സർവകലാശാലകളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ വഴങ്ങുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽനിന്നും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമങ്ങളിൽനിന്നും പിന്തിരിയാൻ എഐസിസി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ കത്തിലൂടെ ആവശ്യപ്പെട്ടു.











