
തിരുവനന്തപുരം: നിയമസഭയിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വാക്കൗട്ട് പ്രസംഗത്തിനിടെ ഭരണപക്ഷ എംഎൽഎമാർ ബഹളംവെച്ചതിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരസ്പരം നേരിട്ട് കാര്യങ്ങൾ പറയുന്നതാണ് പതിവെന്നും ഇരുന്നിടത്ത് നിന്ന് വിളിച്ചുപറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'എന്തോ ഇടക്ക് പറഞ്ഞല്ലോ, നേരെ നേരെ പറയലാണല്ലോ നമ്മൾ തമ്മിലുള്ള ഒരു ശീലം, വെറുതെ ഇരുന്നിടത്ത് നിന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞത് കൊണ്ട് കാര്യമില്ല' പിണറായി പറഞ്ഞു.
പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് "ലജ്ജാകരമായ കീഴടങ്ങലാണെന്ന്" ആരോപിച്ച പിണറായി, അധികാരത്തിലെത്തിയാൽ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് വിമർശിച്ചത്. ഒരുകാലത്ത് ശക്തമായി എതിർത്ത പദ്ധതിയുടെ വക്താക്കളായി യുഡിഎഫ് മാറുന്നതാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും 20 ദിവസത്തിനകം പദ്ധതി മരവിപ്പിക്കാൻ നടപടി സ്വീകരിച്ചുവെന്ന് പിണറായി വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ടതിന് ശേഷം എട്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 മേയ് 8-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അയച്ച കത്തിൽ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതും ഇതിനുള്ള തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി ഇതിനകം നടപ്പാക്കിയിരുന്നെങ്കിൽ അത്തരമൊരു കത്ത് അയക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ബോധപൂർവമായ അനുകൂല തീരുമാനം അനിവാര്യമാണെന്നും അതിനായുള്ള നീക്കങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന സംശയം ഉയരുന്നതായും പിണറായി പറഞ്ഞു. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ പദ്ധതി മരവിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ധാരണാപത്രം ഒപ്പിടുന്നത് മാത്രം പദ്ധതി നടപ്പാക്കലായി കണക്കാക്കാനാകില്ലെന്നും സംസ്ഥാന-ജില്ലാ തലങ്ങളിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി സംസ്ഥാന വിഹിതമായ 40 ശതമാനം ഫണ്ട് പോലും എൽഡിഎഫ് സർക്കാർ നീക്കിവെച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് പദ്ധതി നടപ്പാക്കില്ലെന്ന നിലപാട് അറിയിച്ചിരുന്നുവെന്നും പിണറായി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേരളം കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്നും, ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.










