03:31am 13 October 2025
NEWS
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദി സാബു എം.ജേക്കബ്
12/10/2025  10:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദി സാബു എം.ജേക്കബ്
HIGHLIGHTS

അല്ലപ്ര മട്ടമ്മല്‍  ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ട്വന്റി 20 വെങ്ങോല പഞ്ചായത്ത് ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

വെങ്ങോല : കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയാണ് പിണറായി വിജയനെന്ന് സാബു എം.ജേക്കബ്. അല്ലപ്ര മട്ടമ്മല്‍  ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ട്വന്റി 20 വെങ്ങോല പഞ്ചായത്ത് ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ന്യൂന പക്ഷ പ്രീണനം നടത്തിയ പിണറായി അതിന്റെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താന്‍ ആഗോള അയ്യപ്പ സംഗമം നടത്തി. സ്വര്‍ണ്ണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരില്‍ പിണറായി വിജയനും കുടുംബാഗങ്ങളും  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്. ഇത് ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുകയാണ് പിണറായിയും മരുമകനും. ഇവരാണ് ട്വന്റി 20 പാര്‍ട്ടിയെ വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ വിഷമായി ചിത്രീകരിക്കുന്നത്. സിപിഎം ഉദ്ദേശിക്കുന്ന വര്‍ണ്ണകടലാസ് സ്വര്‍ണ്ണത്തിന്റെതായിരിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരം കൈവശമുള്ള പാര്‍ട്ടിയാണ് സിപിഎം എന്നും സാബു ജേക്കബ് പറഞ്ഞു. 

വെങ്ങോല പഞ്ചായത്തിലെ 22 വാര്‍ഡിലും ട്വന്റി 20 മത്സരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നടക്കുന്ന കോര്‍പ്പറേഷനാണ് സിപിഎം ഭരിക്കുന്ന കൊച്ചി. ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, കൊതുക് നിവാരണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ഇതുവരെ കൊച്ചി കോര്‍പ്പറേഷന്‍ ഭരിച്ച ഇടത് വലത് മുന്നണികള്‍ അടിച്ചുമാറ്റിയത്. ഇതിന് ഇക്കുറി മാറ്റം വരുത്തും. കൊച്ചി കോര്‍പ്പറേഷനില്‍ ട്വന്റി 20 ഒറ്റയ്ക്ക് മത്സരിച്ച് മുഴുവന്‍ സീറ്റും നേടി  ഇന്ത്യയിലെ ഏറ്റവും മികച്ച കോര്‍പ്പറേഷനായി കൊച്ചിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.  

ട്വന്റി 20 എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം പി.എം.നാസര്‍, ബോര്‍ഡ് മെമ്പര്‍ വി.എസ്. കുഞ്ഞുമുഹമ്മദ്, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഗോപകുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ.ചാര്‍ളി പോള്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.വി.വിജയകുമാര്‍,വെങ്ങോല പഞ്ചായത്ത് കണ്‍വീനര്‍ സുരേഷ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img