
തിരുവനന്തപുരം: പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ പറയുന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാകാമെന്നും അതിന് തന്നെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ധർമ്മടത്ത് മത്സരിക്കണോയെന്ന് തീരുമാനിക്കുന്നത് അൻവറല്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി അൻവറിന്റെ അരോപണങ്ങളോട് പ്രതികരിച്ചത്.
"അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാവാം. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ട എന്നേയുള്ളൂ. ധർമടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ. ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ പാർട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാർട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളും." പിണറായി വിജയൻ പറഞ്ഞു.











