10:46pm 11 July 2026
NEWS
പറയാനുണ്ടെങ്കിൽ പറയും, വടിയും നീട്ടി നിൽക്കണ്ട; മാധ്യമങ്ങളോട് ക്ഷോഭിച്ച് പിണറായി വിജയൻ
11/07/2026  04:54 PM IST
nila
പറയാനുണ്ടെങ്കിൽ പറയും, വടിയും നീട്ടി നിൽക്കണ്ട; മാധ്യമങ്ങളോട് ക്ഷോഭിച്ച് പിണറായി വിജയൻ

 

ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ അഭിപ്രായഭിന്നതയെക്കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. "പറയാനുള്ളത് ഉണ്ടെങ്കിൽ ഞാൻ പറയും. നിങ്ങൾ ഇങ്ങനെ വടിയും നീട്ടി നിൽക്കേണ്ടതില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. വിഷയം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ നിലപാട്. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പിന്തുണച്ചു. എന്നാല്‍, “വിവാദമാക്കേണ്ട എന്ന് പറയുന്നതില്‍ കാര്യമില്ല” എന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി വിജയന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിഷയത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിലെ ഓഹരിക്കൈമാറ്റം നടത്താൻ പാടില്ലെന്നും, സർക്കാരിനെ അറിയിക്കാതെ സെബിയെ സമീപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ വിലയിരുത്തൽ റിപ്പോർട്ട് ഇന്ന് പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം പരിശോധിക്കും. സംഘടനാ തിരുത്തൽ നടപടികൾ സംബന്ധിച്ച റിപ്പോർട്ടും തിങ്കളാഴ്ച വരെ നടക്കുന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം.

ഇതിനിടെ, വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ കേരള ഘടകത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ഈ വിഷയം കേന്ദ്രകമ്മിറ്റിയിലും പ്രതിഫലിക്കാനിടയുണ്ടെന്ന സൂചന ചില നേതാക്കൾ നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രകമ്മിറ്റിയുടെ പ്രധാന ചർച്ച തിരഞ്ഞെടുപ്പ് അവലോകനത്തിലും സംഘടനാ കാര്യങ്ങളിലുമാവുമെന്നാണ് മുതിർന്ന നേതാക്കളുടെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img