
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്ര മുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന് വിമാനത്തിൽ കയറാനായില്ല എന്നാണ് റിപ്പോർട്ട്.
പൊളിറ്റ് ബ്യൂറോ യോഗം അവസാനിക്കുന്നതിന് മുമ്പേ പാർട്ടി ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങിയ പിണറായി വിജയൻ കേരള ഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് പോയത്. എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുന്നതിനിടെ ബോർഡിങ് സംബന്ധിച്ച കൃത്യമായ അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ വിമാനത്തിൽ കയറാനായില്ലെന്നാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ വിശദീകരിക്കുന്നത്.
സംഭവസമയത്ത് പിണറായി വിജയൻ വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പിണറായി വിജയൻ യാത്ര ചെയ്യുന്നതായി പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് രാത്രി 7.10ന് പുറപ്പെടുന്ന വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനാണ് തീരുമാനം.










