07:56pm 18 April 2026
NEWS
കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി ഡി സതീശൻ
18/10/2025  08:35 PM IST
nila
കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി ഡി സതീശൻ

പന്തളം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  ഉണ്ണികൃഷ്ണൻപോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. 

ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്. വലിയ അയ്യപ്പ ഭക്തനാണ് പോറ്റിയെന്നാണ് അന്ന് കടകംപള്ളി പറഞ്ഞത്. ഇപ്പോൾ ആർക്കും പോറ്റിയെ അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ആരാണ് സ്വർണം മോഷ്ടിച്ച് വിറ്റതെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും അത് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിൽ സ്വർണം പൂശി അഞ്ചു വർഷം കഴിഞ്ഞപ്പോൾ പാളികൾ വീണ്ടും സ്വർണം പൂശാൻ കൊടുത്തു. കളവു നടത്താനാണ് ഇങ്ങനെ ചെയ്തത്. അയ്യപ്പൻ ഇടപെട്ടതിനാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ തങ്കവിഗ്രഹവും അടിച്ചു മാറ്റുമായിരുന്നു. സംസ്ഥാന സർക്കാർ കാണിക്കുന്നത് കപട ഭക്തിയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. 

കപട അയ്യപ്പ ഭക്തിയാണ് സർക്കാർ കാണിക്കുന്നത്. അയ്യപ്പ ഭക്തിയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം.  ഭക്തർക്കെതിരെയുള്ള കേസുകൾ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

സ്വകാര്യ ബസ് സ്റ്റാൻഡിൽ തയാറാക്കിയ വേദിയിലാണ് മഹാസംഗമം നടന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ.മുരളീധരൻ, ബെന്നി ബഹനാൻ എംപി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾ ചെങ്ങന്നൂരിൽ സമാപിച്ചു. തുടർന്ന് വൈകിട്ട് പന്തളത്തേക്കു പദയാത്ര നടത്തി. തുടർന്നായിരുന്നു പൊതുയോഗം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img