
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും ഇടതുമുന്നണി ആസൂത്രണം ചെയ്യുന്നിടത്തേക്ക് കേന്ദ്രീകരിക്കുന്നു. ആദ്യഘട്ടത്തിൽ കളംനിറഞ്ഞുനിന്ന മുൻ എംഎൽഎയും നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ തീർത്തും അപ്രസക്തനാകുന്ന കാഴ്ച്ചയാണ് നിലമ്പൂരിലെ പ്രചാരണ രംഗത്ത്. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ സജീവ ചർച്ചയാക്കുകയാണ് ഇടതു മുന്നണി. സാക്ഷാൽ പിണറായി വിജയൻ തന്നെയാണ് ഈ ക്യാമ്പയിൻ നയിക്കുന്നത് എന്നതിനാൽ യുഡിഎഫിനും ഏറ്റുപിടിക്കാതെ മറ്റു നിവൃത്തിയില്ലെന്ന സ്ഥിതിയിലാണ്.
ജമാഅത്തെ ഇസ്ലാമി നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇടത് മുന്നണി പ്രചാരണ തന്ത്രം മാറ്റിപിടിച്ചത്. മറ്റു മുസ്ലീം സംഘടനകൾ പോലും അകറ്റി നിർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചെന്ന പ്രചാരണമാണ് മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്. ഇതോടെ മറുപടി പറയേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം. മുഖ്യമന്ത്രി വർഗീത പറഞ്ഞ് വോട്ടുനേടാൻ ശ്രമിക്കുന്നു എന്ന പ്രത്യാരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്. എന്നാൽ, പ്രത്യാരോപണം കൊണ്ടുമാത്രം ഈ വിഷയത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് യുഡിഎഫ് ക്യാമ്പും തിരിച്ചറിയുന്നുണ്ട്.
ഇന്നലെയും ഇന്നുമായി നിലമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമി - യുഡിഎഫ് കൂട്ടുകെട്ട് വലിയ ചർച്ചാവിഷയമായി ഉയർത്തുകയാണ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ഈ വിഷയം ഉയർത്തിയ മുഖ്യമന്ത്രി ഇന്ന് പോത്തുകല്ലിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുമ്പോഴും ഇതുതന്നെ ആവർത്തിച്ചു. കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിർത്തിയതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. മുസ്ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
''ജമാഅത്തെ ഇസ്ലാമി നമ്മുടെ നാട്ടിൽ അപരിചിതമായ ഒന്നല്ല, എല്ലാവർക്കും പരിചിതമായ പേരാണ്. അവരെ കൂടെകൂട്ടാൻ പറ്റില്ല എന്നനിലയിൽ നാട് നേരത്തേ ഒരുനിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും അകറ്റിനിർത്തിയ ഒന്നാണ് ജമാഅത്തെ ഇസ്ലാമി'', മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അങ്കലാപ്പിലാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടിയത്. മുസ്ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടത്. പാണക്കാട് ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ ക്ഷണം ലഭിച്ചിട്ടും അവരുടെ വേദികളിൽ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സർക്കാരിന്റെ ജനവിരുദ്ധനയവും ഭരണപരാജയവുമാണ് യുഡിഎഫ് നിലമ്പൂരിൽ ഉന്നയിക്കുന്നതെന്നും അതിന് മറുപടി ഇല്ലാത്തതിനാൽ വിഷയം മാറ്റാനാണ് എൽഡിഎഫിന്റെ കുത്സിതശ്രമമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ഈ കുത്സിതശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽ മുഖ്യമന്ത്രി വർഗീയപ്രചാരണം നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എല്ലാക്കാലത്തും ജമാഅത്തെയുമായി കൂട്ടുകൂടിയത് സിപിഎമ്മാണ്. കഴിഞ്ഞകാലത്തെ ചരിത്രം എല്ലാവർക്കും അറിയാം. അവരോടൊപ്പം കൂടിയാൽ ജമാഅത്തെ ഇസ്ലാമി നല്ലവരും ഞങ്ങളെ പിന്തുണച്ചാൽ അവർ വർഗീയവാദികളുമെന്ന നിലപാട് വേണ്ടെന്നും അതൊക്കെ ജനങ്ങൾക്ക് മനസിലാകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ആദ്യം കളംനിറഞ്ഞുനിന്ന പി വി അൻവർ ഇപ്പോൾ തീർത്തും അപ്രസക്തനാകുന്ന കാഴ്ച്ചയാണ് നിലമ്പൂരിൽ. എൽഡിഎഫും യുഡിഎഫും അൻവറിനെ തീർത്തും അവഗണിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുയർത്തി തന്റെ സജീവ സാന്നിധ്യം നിലനിർത്താൻ അൻവർ പരിശ്രമിക്കുന്നുണ്ടെങ്കിലും മത്സര രംഗത്ത് വലിയ ചലനം സൃഷ്ടിക്കാൻ അൻവറിന് കഴിയുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.











