09:06pm 09 October 2026
NEWS
സിഎംആർഎൽ–എക്സാലോജിക് ഇടപാട്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
09/10/2026  11:14 AM IST
nila
സിഎംആർഎൽ–എക്സാലോജിക് ഇടപാട്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണം മതിയാകില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്. ഇതോടെ പിണറായി വിജയൻ, വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടാകും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

ഇ.ഡി. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സിഎംആർഎല്ലിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് ഏകദേശം 20 കോടി രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഇ.ഡി. സംസ്ഥാന പൊലീസിന് വിവരങ്ങൾ കൈമാറിയിരുന്നു. ഈ വിവരങ്ങൾ പരിഗണിച്ച് നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇ.ഡി. കൈമാറിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണത്തിലേക്ക് മാത്രമായി നടപടികൾ പരിമിതപ്പെടുത്തിയെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരമൊരു നടപടി നിയമപരമല്ലെന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിക്കാരൻ വാദിച്ചു.

അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസ് സംവിധാനം നിലവിലിരിക്കെ, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെയും ഹർജി ചോദ്യം ചെയ്തു. അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം. ഷാജഹാൻ കോടതിയെ സമീപിച്ചത്. ഇ.ഡി. കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img