05:20pm 04 September 2026
NEWS
“പറയാനുണ്ട്, പിന്നെ പറയാം”; മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
19/03/2026  12:12 PM IST
nila
“പറയാനുണ്ട്, പിന്നെ പറയാം”; മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്റെ സിറ്റിം​ഗ് മണ്ഡലമായ ധർമ്മടത്ത് തന്നെയാണ് പിണറായി ഇക്കുറിയും ജനവിധി തേടുന്നത്. തലശ്ശേരിയിലെ സബ് റജിസ്ട്രാർ ഓഫീസിൽ രാവിലെ 11 മണിയോടെ എത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. മണ്ഡലത്തിൽ ആദ്യമായി പത്രിക സമർപ്പിച്ച സ്ഥാനാർഥിയും പിണറായി വിജയനായിരുന്നു. റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണയാണ് പത്രിക സ്വീകരിച്ചത്. “പറയാനുണ്ട്, പിന്നെ പറയാം” എന്നായിരുന്നു മാധ്യമപ്രവർത്തകരോട് പിണറായി വിജയന്റെ പ്രതികരണം. 

വാഹന പ്രചാരണവുമായി എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് പരിപാടിയിൽ മാറ്റം വരുത്തി പിണറായി നേരിട്ട് ഓഫീസിലെത്തി നടപടികൾ പൂർത്തിയാക്കി. സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം 15 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങി.

മണ്ഡലത്തിൽ മുഴുവൻ സമയവും പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അദ്ദേഹം മുൻ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനതലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കേണ്ടതിനാൽ മറ്റ് സ്ഥലങ്ങളിലും സാന്നിധ്യം ആവശ്യമാണെന്നും, മണ്ഡലത്തിലെ വോട്ടർമാരെ സമീപിക്കുന്ന ചുമതല പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇത് പിണറായി വിജയന്റെ ധർമടത്തെ മൂന്നാം മത്സരമാണ്. ഇതിനുമുമ്പ് കൂത്തുപറമ്പിലും തളിപ്പറമ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഈ തവണ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദ് രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img