12:10am 07 November 2026
NEWS
എങ്ങനെയാണ് പഴയ പ്രതിപക്ഷ നേതാവ് അവിടെ കിടന്നത് എന്ന് എനിക്ക് അറിയില്ല; കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയെന്നും പിണറായി വിജയൻ
06/11/2026  01:54 PM IST
nila
എങ്ങനെയാണ് പഴയ പ്രതിപക്ഷ നേതാവ് അവിടെ കിടന്നത് എന്ന് എനിക്ക് അറിയില്ല; കന്റോൺമെന്റ് ഹൗസിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയെന്നും പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പഴക്കമുള്ള കെട്ടിടങ്ങളുടെ മോടി കൂട്ടാനല്ല, അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നവീകരണം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് മുൻ സർക്കാരിന്റെ കാലത്തുതന്നെ നവീകരണ നിർദേശം ഉയർന്നിരുന്നുവെന്നും എന്നാൽ ഭരണത്തിന്റെ അവസാനഘട്ടമായതിനാൽ നടപടികളിലേക്ക് കടന്നില്ലെന്നും പിണറായി വ്യക്തമാക്കി.

മന്ത്രിമന്ദിരങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. "ഒരു മന്ത്രിമന്ദിരം ആവശ്യമായ റിപ്പയർ നടത്തുന്നതുകൊണ്ട് എന്താണ് തകരാർ ഉള്ളത്? ഞാൻ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഞാൻ പോകേണ്ടത് കന്റോൺമെന്റ് ഹൗസിലാണ്. രണ്ടാഴ്ചകൊണ്ട് മാറാൻ പറ്റുമെന്ന ധാരണയിലായിരുന്നു കന്റോൺമെന്റ് ഹൗസിലേക്ക് പോയത്. അവിടെ ചെന്ന് നോക്കുമ്പോൾ, അതിൽ കിടക്കാൻ പറ്റുന്ന അവസ്ഥയല്ല. എങ്ങനെയാണ് പഴയ പ്രതിപക്ഷ നേതാവ് അവിടെ കിടന്നത് എന്ന് എനിക്ക് അറിയില്ല. റിപ്പയർ ചെയ്യാൻ സമയമെടുക്കുമെന്ന് പറഞ്ഞു", പിണറായി വിജയൻ പറഞ്ഞു.

കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തവും പിണറായി പരാമർശിച്ചു. താൻ അവിടേക്ക് താമസം മാറിയതിനുശേഷമാണ് തീപിടിത്തമുണ്ടായിരുന്നതെങ്കിൽ പലതരത്തിലുള്ള കഥകൾ പ്രചരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 200 വർഷം പഴക്കമുള്ള നിരവധി മന്ത്രിമന്ദിരങ്ങൾ ഇപ്പോഴും മോശം അവസ്ഥയിലാണ്. ഇത്തരം കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ ആവശ്യപ്പെട്ടാൽ അതിനെ മോടിപിടിപ്പിക്കലായി ചിത്രീകരിച്ച് വാർത്തകൾ വരുമെന്ന ആശങ്കയിൽ താമസിക്കുന്നവർ തന്നെ പലപ്പോഴും ആവശ്യങ്ങൾ ഉന്നയിക്കാറില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

പഴക്കമുള്ള ഔദ്യോഗിക കെട്ടിടങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വ്യക്തമായ നയമുണ്ടാകണം. ഓരോ വർഷവും കെട്ടിടങ്ങളുടെ സുരക്ഷയും അവസ്ഥയും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തണം. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇത്തരം നടപടികളെ മാധ്യമങ്ങളും ശരിയായ കാഴ്ചപ്പാടോടെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img