09:34pm 31 July 2026
NEWS
പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നു; പി.എം. ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ
31/07/2026  07:49 PM IST
nila
പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നു; പി.എം. ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് വഴങ്ങുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും, മുന്നണി യോഗത്തിൽ അത് വ്യക്തമായെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.

പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകളിൽ നിന്ന് പൂർണമായും പിന്മാറിയാണ് പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിണറായി വിജയൻ ആരോപിച്ചു. ഈ തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ, പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഏത് ഘട്ടത്തിലും പിന്മാറാൻ കഴിയുമെന്നും അങ്ങനെ ചെയ്താൽ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രവിഹിതം മാത്രമാണ് നഷ്ടമാകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യസഭയിൽ കോൺഗ്രസ് എംപി ജെബി മേത്തർ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് മറുപടിയായി, കേരളത്തിൽ പി.എം. ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പദ്ധതിക്കായി കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാനം കൈപ്പറ്റിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത സാഹചര്യത്തിലും പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫിന്റെ താത്പര്യം സംഘപരിവാറിനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് പിണറായി വിജയന്റെ ആരോപണം.

കഴിഞ്ഞ പത്ത് വർഷമായി ആർ.എസ്.എസ് മുന്നോട്ടുവെച്ച വർഗീയ വിദ്യാഭ്യാസ അജണ്ടകളിൽ നിന്ന് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ എൽഡിഎഫ് സർക്കാർ സംരക്ഷിച്ചുവെന്നും, ഇപ്പോൾ യുഡിഎഫ് അതിനെ വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലപാട് ജനങ്ങൾ തിരിച്ചറിയുകയും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img