10:48am 30 August 2026
NEWS
വി കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്ന് പിണറായി വിജയൻ; ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചിലർ ചെയ്തെന്നും കുറ്റപ്പെടുത്തൽ
29/08/2026  06:55 PM IST
nila
വി കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്ന് പിണറായി വിജയൻ; ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചിലർ ചെയ്തെന്നും കുറ്റപ്പെടുത്തൽ

കണ്ണൂർ: യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടുകയാണെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പയ്യന്നൂർ മാത്തിലിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്റെ വിമർശനം. വി കുഞ്ഞികൃഷ്ണനെതിരെയും പിണറായി രൂക്ഷവിമർശനമാണ് ഉയർത്തിയത്. 

കേരളത്തിന്റെ തനിമ തകർത്തുകൊണ്ട് ആർഎസ്എസിന് കീഴടങ്ങുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് പിണറായി പറഞ്ഞു. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ അത് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ വന്ദേ മാതരം ഉൾപ്പെടുത്തിയതും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേ മാതരം ചൊല്ലാൻ നിർദേശം നൽകിയതും ചൂണ്ടിക്കാട്ടിയ പിണറായി, കോൺഗ്രസിന്റെ ആർഎസ്എസ് അനുകൂല നിലപാട് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ആരോപിച്ചു.

വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പിണറായി പ്രസംഗത്തിൽ ഉന്നയിച്ചു. ഇതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സർക്കാർ മാറിയതോടെ നിലപാടിൽ മാറ്റമുണ്ടായി. അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചെന്നും പിണറായി പറഞ്ഞു.

ഗവർണറുടെ ഇടപെടലിലും വിമർശനം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ തോന്നിയ രീതിയിൽ ഇടപെടുകയാണെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അതിനെതിരെ കാര്യമായ പ്രതികരണമില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ എല്ലാ വിഷയങ്ങളിലും പ്രതിപക്ഷം എതിർപ്പ് സ്വീകരിച്ചെന്നും വലതുപക്ഷ മാധ്യമങ്ങൾ ഇടതുപക്ഷ വിരോധം മുൻനിർത്തി സർക്കാരിനെതിരെ സംഘടിത പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിനെതിരെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് സംഘടിത നീക്കം നടത്തിയെന്നും പിണറായി പറഞ്ഞു.

പയ്യന്നൂരിലെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ നീക്കങ്ങളോ?

പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയും പിണറായി വിശദീകരിച്ചു. എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പയ്യന്നൂരെന്നും രാഷ്ട്രീയ കുത്തൊഴുക്കുകളെയും അതിജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1987ൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും എൽഡിഎഫിന് 50 ശതമാനം വോട്ട് ലഭിച്ച മണ്ഡലമാണിത്. അതിനാൽ പയ്യന്നൂരിലെ തോൽവി എങ്ങനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി പറഞ്ഞു.

പാർട്ടിക്കകത്തുനിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നും നേതൃത്വതലത്തിൽ നിന്ന് മറ്റ് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഒരു കമ്മ്യൂണിസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചിലർ ചെയ്തെന്നും പാർട്ടി ഇത്തരം തെറ്റുകൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.

വി. കുഞ്ഞികൃഷ്ണനെതിരെയും പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിയെ തകർക്കണമെന്ന മനോഭാവത്തോടെയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി ആരോപിച്ചു.

പാർട്ടി വിരുദ്ധ വികാരം സൃഷ്ടിക്കാൻ ചിലർ നേതൃത്വതലത്തിൽ ശ്രമിച്ചെന്നും തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിക്കെതിരെ നീങ്ങിയവർ പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img