
സിപിഎമ്മിനെ തെരഞ്ഞെടുപ്പുകൾക്ക് സജ്ജമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അതിനു പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പാർട്ടി ഘടകങ്ങളെ സജീവമാക്കുന്നത്. സംസ്ഥാനത്ത് മൂന്നാമതും ഇടതു ഭരണം ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. മൂന്നാമതും മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടാണ് പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതും.
തെരഞ്ഞെടുപ്പിനായി പാർട്ടി ഘടകങ്ങളെ സജ്ജമാക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് സിപിഎമ്മിന്റെ കാലങ്ങളായുള്ള രീതി. എന്നാൽ, അതിൽനിന്നും തികച്ചും വ്യത്യസ്തമായാണ് മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടി ഘടകങ്ങളിൽ ഇടപെടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പാർട്ടി നേതൃയോഗങ്ങൾ തലസ്ഥാനത്ത് എകെജി സെന്ററിൽ ചേരും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ ചേരുക. തിരുവനന്തപുരം, എറണാകുളം ജില്ലാസെക്രട്ടേറിയറ്റ് യോഗങ്ങൾ ഞായറാഴ്ച ചേർന്നു.
മൂന്നാമതും സംസ്ഥാന ഭരണം ഉറപ്പെന്ന വിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വം. എന്നാൽ, ശബരിമല സ്വർണപ്പാളി വിവാദം ഉൾപ്പെടെ സർക്കാരിനും പാർട്ടിക്കുമെതിരേ ആരോപണങ്ങൾ പ്രവഹിക്കുന്ന പശ്ചാത്തലത്തിൽ തുടർഭരണം അത്ര എളുപ്പമല്ലെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയെ തെരഞ്ഞെടുപ്പ് സജ്ജമാക്കാൻ മുഖ്യമന്ത്രി നേരിട്ടുരംഗത്തിറങ്ങുന്നത്.
ആഗോള അയ്യപ്പസംഗമം, ഭിന്നശേഷിനിയമനം തുടങ്ങിയ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വിവിധ സാമുദായികവിഭാഗങ്ങളെ സർക്കാരും പാർട്ടിയുമായി അടുപ്പിക്കാൻ സഹായമായെന്നാണ് വിലയിരുത്തൽ. സർക്കാരിനെതിരേ ഉയർന്ന വിവാദങ്ങളിലും ആരോപണങ്ങളിലും വ്യക്തതവരുത്തി, അവയെ നേരിടാനുള്ള തന്ത്രങ്ങൾ നേതൃയോഗങ്ങളിലുണ്ടാവും. ഇതിനുള്ള തുറന്നചർച്ചകൾക്കായാണ് യോഗങ്ങളെന്നാണ് സൂചന.











