04:08pm 27 June 2026
NEWS
അത്തരമൊരു സമീപനം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും; മന്ത്രി ​ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി
04/02/2026  12:49 PM IST
nila
അത്തരമൊരു സമീപനം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും; മന്ത്രി ​ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രൈവറ്റ് ബസുകളുമായി മത്സരിക്കേണ്ടെന്ന നയം കെഎസ്ആർടിസി സ്വീകരിച്ചുവെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന നിയമസഭയിൽ തന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ മന്ത്രിയായി എത്തിയപ്പോൾ പ്രൈവറ്റ് ബസുമായി മത്സരിക്കേണ്ട എന്ന നയം സ്വീകരിച്ചു എന്നായിരുന്നു കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന. എന്നാൽ, പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കുന്ന നയമായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു. 

കെഎസ്ആർടിസിയുടെ സാമ്പത്തിക നഷ്ടത്തിന് കാരണമായ ചില സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് മന്ത്രി ഗണേഷ് കുമാർ സഭയിൽ സംസാരിച്ചത്. മുൻകാലങ്ങളിൽ പ്രൈവറ്റ് ബസുകളുമായി നേരിട്ടുള്ള മത്സരയോട്ടം കെഎസ്ആർടിസിക്കുണ്ടായിരുന്നുവെങ്കിലും, പുതിയ ബസുകൾ ഇറക്കിയ സ്വകാര്യ ബസ് ഉടമകൾ ശക്തമായ മത്സരത്തിലേർപ്പെടാറുണ്ടായിരുന്നുവെന്നും, സുരക്ഷാപരമായ കാരണങ്ങളാൽ കെഎസ്ആർടിസി ഡ്രൈവർമാർ ഇത്തരം മത്സരയോട്ടങ്ങളിൽ നിന്ന് വിട്ടുനിന്നതായും മന്ത്രി പറഞ്ഞു.

താൻ മന്ത്രിയായതിന് ശേഷം, പ്രൈവറ്റ് ബസുകളുമായി അനാവശ്യ മത്സരമില്ലെന്ന സമീപനമാണ് സ്വീകരിച്ചതെന്നും, സ്വകാര്യ ബസുകൾ ഒരു ബിസിനസ് നടത്തുന്നവരായതിനാൽ അവർക്കു അവരുടെ പ്രവർത്തനം നടത്താൻ അനുവദിക്കണമെന്നും മന്ത്രി വിശദീകരിച്ചു. പ്രൈവറ്റ് ബസുകൾ ഇല്ലാത്തതോ കുറവായതോ ആയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ ശക്തിപ്പെടുത്തിയതിലൂടെ, പ്രത്യേകിച്ച് ലോക്കൽ സർവീസുകളിൽ നല്ല വരുമാനം ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ മന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. പ്രൈവറ്റ് ബസുകൾ ഓടുന്നിടങ്ങളിൽ കെഎസ്ആർടിസി ഓടാതിരിക്കുക എന്നത് നയമായി അവതരിപ്പിക്കുന്നതുപോലെ തോന്നുന്നുവെന്നും, അത്തരമൊരു സമീപനം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രൈവറ്റ് ബസുകൾ പ്രവർത്തിക്കുന്ന നിരവധി റൂട്ടുകളിൽ കെഎസ്ആർടിസി നിർണായക സേവനം നടത്തുന്നുണ്ടെന്നും, അവിടെ നിന്ന് കെഎസ്ആർടിസിയെ പിൻവലിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനെ തുടർന്ന് വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. പ്രൈവറ്റ് ബസുകളുമായി അനാവശ്യ മത്സരമില്ലെന്നതാണു താൻ ഉദ്ദേശിച്ചതെന്നും, എല്ലാ റൂട്ടുകളിലും കെഎസ്ആർടിസി മാറിനിൽക്കുമെന്നർത്ഥമല്ലെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് ബസുകളോടൊപ്പം മത്സരിച്ചുതന്നെയാണ് കെഎസ്ആർടിസി മുന്നേറുന്നതെന്നും, ഉദാഹരണമായി ബെംഗളൂരു റൂട്ടിൽ പ്രൈവറ്റ് ബസുകളേക്കാൾ കൂടുതൽ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സാഹചര്യത്തിലും പ്രൈവറ്റ് ബസുകൾക്കായി വഴിമാറുക എന്നത് കെഎസ്ആർടിസിയുടെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img