12:06am 11 September 2026
NEWS
‘787 പേരുടെ പട്ടിക പുറത്തുവിടൂ’; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി
10/09/2026  09:16 PM IST
nila
 ‘787 പേരുടെ പട്ടിക പുറത്തുവിടൂ’; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിവാദത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര് രൂക്ഷം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 787 പേരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെയാണ് പിണറായി വിജയൻ രംഗത്തെത്തിയത്. കണക്കിന് കൃത്യമായ രേഖകളുണ്ടെങ്കിൽ 787 പേരുടെ പട്ടിക പുറത്തുവിടണമെന്നാണ് പിണറായിയുടെ വെല്ലുവിളി.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചവരുടെ എണ്ണം 500ൽ താഴെയാണെന്നാണ് പിണറായി വിജയന്റെ വാദം. രേഖകളുടെ അടിസ്ഥാനത്തിൽ പറയാവുന്ന കാര്യങ്ങൾ പോലും തെറ്റായി അവതരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ആശാസ്യമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

‘787 പേരുടെ കണക്ക് എവിടെനിന്നാണ് ലഭിച്ചത്?’ എന്ന ചോദ്യവും പിണറായി ഉയർത്തി. കൃത്യമായ രേഖകൾ കൈവശമുണ്ടെങ്കിൽ അവ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. എൽഡിഎഫ് സർക്കാർ 787 പേരെ നിയമിച്ചപ്പോൾ നിലവിലെ സർക്കാർ ഇതുവരെ 476 പേരെയാണ് നിയമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തന്റെ പേഴ്സണൽ സ്റ്റാഫിൽ 31 പേരാണുള്ളതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം ഇനിയും ആളുകളെ നിയമിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും നിലവിലെ മന്ത്രിമാർ പരമാവധി 25 പേരെ മാത്രം നിയമിച്ചാൽ മതിയെന്ന നിർദേശമാണ് പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രിയും 25ൽ കൂടുതൽ പേരെ നിയമിച്ചിട്ടില്ലെന്നും പല മന്ത്രിമാരും അനുവദിച്ച പരിധി പോലും പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മന്ത്രിസഭയിൽ ചില മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 27, 28, 29 വരെ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ചീഫ് വിപ്പ് 28 പേരെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചപ്പോൾ നിലവിലെ ചീഫ് വിപ്പ് 16 പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേഴ്സണൽ സ്റ്റാഫ് നിയമനത്തിലെ കണക്കുകൾ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി വിജയൻ രംഗത്തെത്തിയത്.


പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം: 

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാർക്ക് 25 ഓ അതിൽ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വർഷക്കാലം 4 മന്ത്രിമാർ (ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു) മാറി പുതിയ മന്ത്രിമാർ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചില്ല. ഒട്ടാകെ 500ൽ താഴെയാണ് പേഴ്സണൽ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്? മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img